air-india[] കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം സര്‍വീസ് പുനരാരംഭിക്കുന്നു. കുവൈത്തിലെ പ്രവാസി സംഘടനകളുടെ നിരന്തര പ്രയത്‌നത്തിന്റെ ഫലമായാണ് ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയ സര്‍വ്വീസ് വീണ്ടും ആരംഭിക്കുന്നത്.

ഒക്ടോബര്‍ 27ന് തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ലാഭകരമല്ലാത്തതിനാലാണ് കുവൈത്ത്-മംഗലാപുരം സര്‍വീസ് വെട്ടിക്കുറച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി കുവൈത്ത്-ബഹ്‌റൈന്‍-മംഗലാപുരം സര്‍വീസായിരിക്കും ഉണ്ടാവുക. മംഗലാപുരത്തുനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈന്‍ വഴി 11.15ന്് കുവൈത്തിലെത്തും. ഉച്ചക്ക് 12.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 7.25ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മംഗലാപുരത്തത്തെും.

മറ്റു വിമാനക്കമ്പനികള്‍ക്ക് കുവൈത്ത്-മംഗലാപുരം സെക്ടറില്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ ദുരിതമനുഭവിച്ചത് വടക്കന്‍ കേരളത്തിലെയും കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെയും 1.3 ലക്ഷത്തോളം പ്രവാസികളായിരുന്നു.

ഇവരുടെ പ്രശ്‌നങ്ങളറിഞ്ഞ മംഗലാപുരം സൗത്ത് എം.എല്‍.എ ജെ.ആര്‍. ലോബോ, ദക്ഷിണ കന്നഡ എം.പി നളിന്‍ കുമാര്‍ ഖത്തീല്‍, കര്‍ണാടക മന്ത്രി റോഷന്‍ ബെയ്ഗ് തുടങ്ങിയവര്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായത്.