20 വര്‍ഷത്തെ കാത്തിരിപ്പ്; കൊയിലാണ്ടി തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്
Kerala
20 വര്‍ഷത്തെ കാത്തിരിപ്പ്; കൊയിലാണ്ടി തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്
നിഷാന. വി.വി
Monday, 4th May 2026, 5:37 pm

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം തിരിച്ച് പിടിച്ച് യു.ഡി.എഫ്. യു.ഡി.എഫിന്റെ അഡ്വക്കറ്റ് പ്രവീണ്‍ കുമാറാണ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

79,913 വോട്ടാണ് അദ്ദേഹം നേടിയിരിക്കുന്നത്. എല്‍. ഡി.എഫിന്റെ കെ. ദാസന് 67,843 വോട്ടാണ് ലഭിച്ചത്. 12,070 വോട്ടാണ് പ്രവീണിന്റെ ലീഡ്.

ബി.ജെ.പിയുടെ പ്രഫുല്‍ കൃഷ്ണന്‍ 23, 545 വോട്ടാണ് നേടിയത്. 2016ലും 2011 ലും കെ. ദാസനായിരുന്നു കൊയിലാണ്ടിയുടെ എം.എല്‍.എ.

1977 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് കുത്തകയായിരുന്നു കൊയിലാണ്ടിയെങ്കില്‍ 2001 ലാണ് അവസാനമായി കോണ്‍ഗ്രസ് പതാക അവിടെ ഉയര്‍ന്നത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് വിജയം നേടുന്ന തെരഞ്ഞെടുപ്പായി മാറിയിരിക്കുകയാണ് ഇപ്പോള്‍. തുടക്കം മുതല്‍ കെ. ദാസന് അനുകൂലമായ ട്രെന്റുണ്ടായിരുന്നുവെങ്കിലും അതിന് മുകളിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍. രാഹുല്‍ ഗാന്ധിയടക്കം പ്രചരണത്തിനിറങ്ങിയത് പോസറ്റീവായി പ്രതിഫലിച്ചുവെന്ന് വേണം കരുതാന്‍.

2021 ല്‍ വിജയിച്ച് എം.എല്‍.എ ആയ കാനത്തില്‍ ജമീല അസുഖബാധിതയായി ഇയടുത്ത് മരണപ്പെട്ടിരുന്നു. പിന്നാലെയാണ് കെ. ദാസന്‍ വീണ്ടും മത്സരിച്ചത്

ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളക്കടക്കം കൊയിലാണ്ടിയിലെ ജനം കണ്ടു.

Content Highlight: After 20 years of waiting; Congress takes back Koyilandy

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.