ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് സൗപര്‍ണിക സുഭാഷ്. ഓമനത്തിങ്കള്‍ പക്ഷി, മിന്നുകെട്ട് തുടങ്ങിയ ഒട്ടേറെ ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു സൗപര്‍ണിക. ചില സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

തന്മാത്ര സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ ഇന്റര്‍വ്യൂയിലാണ് സൗപര്‍ണിക മനസ്സു തുറക്കുന്നത്.

‘സിനിമയില്‍ സ്‌കൂളില്‍ വെച്ചുള്ള ഒരു സീനിലായിരുന്നു തങ്ങള്‍ ഒപ്പമുണ്ടായിരുന്നത്. ലാലേട്ടന്‍ കറക്ടായി ചെയ്യുന്നുണ്ടെങ്കിലും മറ്റു ചില കാര്യങ്ങള്‍ കൊണ്ട് ആ ഷോട്ട് പല തവണ എടുക്കേണ്ടി വന്നിരുന്നു.

ഓരോ തവണ മറ്റുള്ളവര്‍ തെറ്റിക്കുമ്പോഴും ഒരു പ്രശ്‌നവുമില്ലാതെ ലാലേട്ടന്‍ ആദ്യം ചെയ്യുന്ന പോലെ വീണ്ടും ചെയ്തിരുന്നു. ഇത്രയും ക്ഷമ ഒരാളിലും ഞാനിതുവരെ കണ്ടിട്ടില്ല,’ സൗപര്‍ണിക പറയുന്നു.

ആ സമയത്ത് തനിക്കൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ലാലേട്ടനോട് പറഞ്ഞെന്നും ഈ സീന്‍ കഴിഞ്ഞ് എടുക്കാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചെന്നും താരം പറയുന്നു.

ആ സീന്‍ തീരാന്‍ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടെന്നും ആ ഷോട്ട് കഴിഞ്ഞതും ലാലേട്ടന്‍ തന്നെ ഫോട്ടോ എടുക്കാന്‍ വിളിച്ചെന്നും സൗപര്‍ണിക പറയുന്നു.

‘ആരെയാ വിളിക്കുന്നത്, എന്നെ തന്നെയാണോ എന്ന് കുറച്ച് നേരം നോക്കി നിന്നു. അപ്പോള്‍ ലാലേട്ടന്‍ എന്നെ മാടി വിളിക്കുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, ഒറ്റ ഓട്ടമായിരുന്നു.

അതിനിടെ അനിയത്തിയും എന്റെ കൈ പിടിച്ച് ഓടി വന്നു. ആദ്യം ഞാനൊന്നെടുക്കട്ടെ എന്നിട്ട് പോരേടി നിനക്ക് എന്നായിരുന്നു മനസ്സില്‍. ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അനിയത്തി കയറി മുന്നില്‍ നിന്നു, ലാലേട്ടന്‍ അവളുടെ തോളില്‍ കൈ വെച്ച് ഫോട്ടോ എടുത്തു,’ താരം പറഞ്ഞു.

താനെടുക്കാന്‍ പോയ ഫോട്ടോയില്‍ ഇടിച്ചു കയറി വരികയും, മോഹന്‍ലാല്‍ അവളുടെ തോളില്‍ കൈ വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ തനിക്ക് വല്ലാതെ കലി വന്നെന്നും താരം തമാശ രൂപത്തില്‍ പറയുന്നു. ആ ഫോട്ടോ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നും സൗപര്‍ണിക കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാ കല്യാണം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Souparnika Shares a Funny Incident With Mohanlal Durig Thanmathra Shooting