ശ്വേത മേനോന്റെ ഏറ്റവും പുതിയ ചിത്രമാണ് പള്ളിമണി. വിക്ടോറിയ എന്ന കഥാപാത്രമായിട്ടാണ് ശ്വേത ചിത്രത്തില്‍ എത്തിയത്. പള്ളിമണി റിലീസായപ്പോള്‍ പത്തടി പൊക്കത്തില്‍ ശ്വേത മേനോന്റെ കട്ടൗട്ട് ആരാധകര്‍ വെച്ചിരുന്നു. കട്ടൗട്ട് കണ്ടപ്പോഴുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് ശ്വേത മേനോന്‍.

രതിനിര്‍വേദം സിനിമയുടെ സമയത്താണ് ഇതിന് മുമ്പ് തന്റെ കട്ടൗട്ടും പാലഭിഷേകവും കണ്ടതെന്ന് ശ്വേത പറഞ്ഞു. വിക്ടോറിയ എന്ന പള്ളിമണിയിലെ കഥാപാത്രത്തിന്റെ കട്ടൗട്ട് കണ്ടപ്പോള്‍ തനിക്ക് വലിയ സന്തോഷം തോന്നിയെന്നും ശ്വേത പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”രതിനിര്‍വേദം സിനിമയുടെ സമയത്താണ് ആറടിപൊക്കത്തിലുള്ള കട്ടൗട്ടും പാലഭിഷേകവും കണ്ടത്. അന്ന് കുറേ ആളുകള്‍ വന്ന് അതൊക്കെ ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ക്യാരക്ടറാണ് വിക്ടോറിയ.

അതിന്റെ ഒരു ലുക്ക് വെച്ചിട്ട് പത്തടിയുള്ള കട്ടൗട്ട് കാണുമ്പോള്‍ ഒരു ആക്ട്രസ് എന്ന നിലയില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. പള്ളിമണിയിലെ അനുഭവങ്ങള്‍ വളരെ മനോഹരമായിരുന്നു. ഒരുപാട് ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു.

മലയാളത്തില്‍ കുറേ നാളുകള്‍ക്ക് ശേഷമാണ് ഹൊറര്‍ ഴോണറില്‍ ഒരു സിനിമ ഇറങ്ങുന്നത്. അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് എല്ലാവരിലും ഉണ്ട്,” ശ്വേത മേനോന്‍ പറഞ്ഞു.

സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് പള്ളിമണി നിര്‍മിച്ചിരിക്കുന്നത്. കൈലാഷ്, നിത്യ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

content highlight: actress shwetha menon about pallimani