പുതിയ സിനിമയായ ‘ധൂമകേതുവിന്റെ’ കഥാപാത്രത്തിനായി വ്യത്യസ്തമായ മാനറിസങ്ങളും ഭാവങ്ങളും പരീക്ഷിച്ച അനുഭവം പങ്കുവെക്കുകയാണ് നടൻ ഗണപതി. സിനിമയിലേക്ക് എത്തുമ്പോൾ തന്നെ ദശമൂലം ദാമുവിനെ പോലെയുള്ള ഒരു കഥാപാത്രത്തിന്റെ റഫറൻസ് മനസിലുണ്ടായിരുന്നുവെന്നും അതിനനുസരിച്ചാണ് അഭിനയരീതി ഒരുക്കിയതെന്നും ഗണപതി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഈ സിനിമയിലേക്ക് ഞാൻ എത്തിയപ്പോൾ എന്റെ മനസിൽ ഒരു സാധനം ഒക്കെ ഉണ്ടായിരുന്നു. ദശമൂലം റഫറൻസ് പോലെയുള്ള ഒരു പരിപാടിയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനത്തെ ഒരു നിപ്പും ഭാവവുമൊക്കെ, കുറച്ച് മാനറിസവും പിടിച്ചിട്ടുണ്ടായിരുന്നു. സെറ്റിൽ വന്ന് കണ്ട എന്റെ സുഹൃത്തുക്കൾക്ക് പോലും അപ്പോൾ എന്നെ മനസിലായില്ല. ‘ഹാ, ഇത് നീ ആണോ’ എന്ന രീതിയിലായിരുന്നു അവരുടെ റിയാക്ഷൻ,’ഗണപതി പറഞ്ഞു.

ഗണപതി.Photo. Screen Grab/ Youtube
താൻ സാധാരണയായി എത്തുന്ന രീതിയിൽ നിന്ന് ചെറിയൊരു മാറ്റം കൊണ്ടുവരണമെന്ന ആഗ്രഹമാണ് കഥാപാത്രത്തെ ഒരുക്കുമ്പോൾ ഉണ്ടായിരുന്നതെന്നും ഗണപതി പറയുന്നു. സിനിമയിൽ അൽപ്പം ഓവർ ദ ടോപ്പായ പ്ലേസ്‌മെന്റിൽ നിൽക്കുന്ന കഥാപാത്രമാണ് തന്റേതെന്നും താരം വ്യക്തമാക്കി.
‘ഞാൻ സാധാരണ വരുന്ന രീതിയിൽ നിന്ന് കുറച്ച് മാറ്റിപ്പിടിച്ചിട്ട് വരുകയാണെങ്കിൽ രസമായിരിക്കും എന്നുള്ളത് കൊണ്ടാണ് ഇഇഇ സിനിമ ചെയ്തത്. ഈ കഥാപാത്രം കുറച്ച് ഓവർ ദ ടോപ്പ് പ്ലേസ്‌മെന്റിൽ നിൽക്കുന്ന ഒരാളാണ്. ആ ഒരു എനർജിയിലാണ് ഞാൻ ഇത് കൊടുത്തിട്ടുള്ളത്. അത് എത്രത്തോളം വർക്ക് ആയിട്ടുണ്ടെന്ന് സിനിമ വന്നിട്ട് അറിയാം,’താരം വ്യക്തമാക്കി.
ധൂമകേതുവിൽ എത്തിയതിനെ കുറിച്ചും താരം വ്യക്തമാക്കി. ബാലൻ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഷൈജു ഖാലിദ് ചിത്രത്തിലേക്ക് തന്നെ വിളിച്ചതെന്ന് താരം പറഞ്ഞു. ഷൈജുവിന്റെ പ്രൊഡക്ഷനാണെന്നറിഞ്ഞപ്പോൾ തന്നെ വലിയ ആവേശമായിരുന്നുവെന്നും ഗണപതി കൂട്ടിച്ചേർത്തു.
‘ഞാൻ ബാലൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഷൈജുക്ക എന്നെ ഇതിലേക്ക് വിളിക്കുന്നത്. ഇങ്ങനെ ഒരു സിനിമയുണ്ട് എന്ന് പറഞ്ഞു. അവരുടെ പ്രൊഡക്ഷൻ എന്ന് പറയുമ്പോൾ തന്നെ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. അങ്ങനെയാണ് ഡയറക്ടർ സുധി വന്ന് ധൂമകേതുവിന്റെ കഥ എന്നോട് പറയുന്നത്,’ നടൻ പറഞ്ഞു.
വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ കഥാപാത്രം സ്വീകരിക്കാൻ കാരണമെന്നും ഗണപതി പറയുന്നു. ആന്റിക്കുഞ്ഞ് എന്നാണ് കഥാപാത്രത്തിന്റെ പേര്. നായകൻ സാജിന്റെ അടുത്ത സുഹൃത്തായ, ഭാര്യയും മക്കളുമുള്ള ഒരു സാധാരണ നാട്ടിൻപുറത്തുകാരനായാണ് താൻ എത്തുന്നതെന്നും ഗണപതി പറഞ്ഞു.
‘വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. ഇതിലെ കഥാപാത്രം ഭയങ്കര രസമാണ്. ആന്റിക്കുഞ്ഞ് എന്നാണ് കഥാപാത്രത്തിന്റെ പേര്. നായകൻ സാജിന്റെ ഉറ്റ സുഹൃത്താണ്. ഒരു നാട്ടിൻപുറത്തുകാരനായ, ഭാര്യയും മക്കളുമൊക്കെയുള്ള സാധാരണക്കാരനാണ്. ഞാൻ ഇത് എങ്ങനെ വേറെ രീതിയിൽ പിടിക്കാം എന്ന് വിചാരിച്ച് റഫറൻസും പരിപാടികളുമൊക്കെ ആലോചിച്ചു. അതിനനുസരിച്ച് വണ്ണം വെച്ചു, വയറൊക്കെ കുറച്ച് കൂട്ടി. പിന്നെ സെറ്റിൽ നമുക്ക് അറിയുന്ന ആൾക്കാരാണ് എല്ലാവരും. അതുകൊണ്ടുതന്നെ ഭയങ്കര എൻജോയ് ചെയ്ത് കൊണ്ട് ചെയ്ത സിനിമ കൂടിയാണിത്,’ഗണപതി വ്യക്തമാക്കി.

ധൂമകേതു. Photo. Screen Grab/ Youtube
സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധൂമകേതു’. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും.
Content Highlight: Ganapathi opens up about his character in his upcoming film ‘Dhoomakethu’
