ഹൈദരാബാദ്: വ്യത്യസ്തമായ വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലും ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. താരത്തിന്റെ ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സാമന്ത തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് പോകാന്‍ തനിക്ക് നല്ല പേടിയുണ്ടെന്നാണ് സാമന്ത പറയുന്നത്. ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാമന്തയുടെ തുറന്നുപറച്ചില്‍.

എന്തുകൊണ്ടാണ് ബോളിവുഡില്‍ ഒരു പ്രോജക്ടും സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് ചിലപ്പോള്‍ പേടിച്ചിട്ടാകുമെന്നായിരുന്നു സാമന്ത മറുപടി നല്‍കിയത്.

‘ചിലപ്പോള്‍ എന്റെ പേടി കൊണ്ടാകാം. ഇവിടെ വളരെ കഴിവുള്ളവര്‍ നിരവധിയാണ്. എനിക്ക് സത്യത്തില്‍ പേടിയാണ്,’ സാമന്ത പറഞ്ഞു.

ബോളിവുഡില്‍ അവസരം ലഭിച്ചാല്‍ ഏത് നടനോടൊപ്പം അഭിനയിക്കാനാണ് താല്‍പ്പര്യമെന്ന ചോദ്യത്തിന് തനിക്ക് രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു സാമന്തയുടെ മറുപടി.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന വെബ് സീരീസ്. ഈ സീരിസില്‍ അഭിനയിച്ചതിനെതിരെ സാമന്തയ്‌ക്കെതിരെ വന്‍ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയായിട്ടാണ് സാമന്തയെത്തുന്നത്. എന്നാല്‍ സംഘടനയെ തീവ്രവാദി സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സീമാന്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ സാമന്ത പ്രതികരിച്ചിട്ടില്ല. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ നാല് മുതല്‍ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ദ ഫാമിലി മാന്‍ -2 എന്ന വെബ് സീരീസില്‍ രാജിയെന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്.

നേരത്തെ മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോഴും സമാനമായ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. തമിഴ് നടനായ വിജയ് സേതുപതി സിനിമയില്‍ അഭിനയിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

മനോജ് ബാജ്പേയ് ആണ് സീരിസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബസ്ഥനായ, അതേസമയം തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനുമായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്‌പേയ് ഫാമിലി മാനില്‍ എത്തുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Actress Samantha Talks About Her Bollywood Entry