വളരെയധികം സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു; കൊവിഡില്‍ നിന്നും മുക്തനായതിനെ കുറിച്ച് ഗിന്നസ് പക്രു
Malayalam Cinema
വളരെയധികം സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു; കൊവിഡില്‍ നിന്നും മുക്തനായതിനെ കുറിച്ച് ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th May 2021, 3:28 pm

കൊവിഡ് രോഗബാധിതനായതിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചും മനുസുതുറക്കുകയാണ് മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു. നമ്മള്‍ എത്ര സൂക്ഷിച്ചാലും വിചാരിക്കും പോലെ അല്ല കാര്യങ്ങള്‍ എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് തനിക്ക് കൊവിഡ് വന്നതെന്നും നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പക്രു പറയുന്നു.

കൊവിഡ് ടൈമില്‍ ലോക്ക്ഡൗണ്‍ വന്നശേഷം വീട്ടില്‍ തന്നെ ആയിരുന്നു. പുറത്തേക്ക് ഇറങ്ങിയതേ ഇല്ല. കാരണം എന്നോട് ഡോക്ടര്‍മാര്‍ വളരെ അധികം സൂക്ഷിക്കണമെന്നും നിങ്ങളില്‍ കൊവിഡ് എങ്ങനെ പ്രതികരിക്കും എന്നറിയില്ല എന്നും പറഞ്ഞിരുന്നു. അതിനാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീട്ടില്‍ തന്നെ ആയിരുന്നു മുഴുവന്‍ സമയവും.

ലോക്ക്ഡൗണ്‍ ടൈമില്‍ ഒരു പൊതുപരിപാടിക്കും പോകാതെ, ചാനല്‍ ഷോകളില്‍ പോലും പങ്കെടുക്കാതെ പൂര്‍ണ്ണമായിട്ടും എല്ലാത്തില്‍ നിന്നുമാറി വളരെ സൂക്ഷിച്ചാണ് ഞാന്‍ കഴിഞ്ഞത്. വാക്‌സിന്‍ വന്ന ശേഷമാണ് ഞാന്‍ പതുക്കെ പുറത്തിറങ്ങി തുടങ്ങിയത്.

എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഞാന്‍ പോയപ്പോള്‍, എന്റെ കൂടെ ജോലി ചെയ്ത എന്റെ മേക്ക് അപ്പ്മാന് എവിടെ നിന്നോ കിട്ടി. അങ്ങനെയാണ് എന്നിലേക്ക് കൊവിഡെത്തിയത്. ഒറ്റ സമ്പര്‍ക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതറിഞ്ഞപ്പോള്‍ തന്നെ അമൃതാ ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ റൂം ബുക്ക് ചെയ്ത് അവിടെ ഇരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചു. ഏഴോളം ദിവസങ്ങള്‍ എനിക്ക് ഇന്‍ജക്ഷന്‍ ഉണ്ടായിരുന്നു. ടെസ്റ്റുകളുടെ ഭാഗമായി നന്നായി കുത്തുകള്‍ മേടിച്ചു.

നമ്മുടെ ശരീരത്തില്‍ ഇവന്‍ എങ്ങനെ പ്രതികരിക്കും, അതിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്നുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ കൃത്യം പത്ത് ദിവസങ്ങള്‍ ഞാന്‍ തന്നെ വളരെ ശ്രദ്ധിച്ച് മരുന്ന് കഴിക്കുകയും റെസ്റ്റ് എടുക്കുകയും, ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ചെയ്യുകയും അതിനുശേഷം റിവേഴ്‌സ് ക്വാറന്റീനില്‍ ഇരിക്കുകയും ഒക്കെ ചെയ്തു. എന്നില്‍ നിന്ന് എന്റെ ഭാര്യക്കോ, മകള്‍ക്കോ, മറ്റാര്‍ക്കും കൊടുക്കാതെ വളരെ സൂക്ഷിച്ച് ഞാന്‍ കൊവിഡിനെ കൈകാര്യം ചെയ്തു, പക്രു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Guinness Pakru About His Covid 19 battle