സിനിമയില്‍ ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ ആരാധകരെ നേടിയ നടി പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ കയ്യടി നേടുകയാണ്. അടുത്ത നാളുകളിലായി ഇന്‍സ്റ്റഗ്രാം റീല്‍സില്‍ സജീവമായ പാര്‍വതി പല ട്രെന്റുകള്‍ക്കും തന്റേതായ വേര്‍ഷനുകളുമായെത്താറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റീല്‍സില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചെയ്യുന്ന ‘വെസ്റ്റ് സൈഡ് കില്ല’ എന്ന പാട്ടുമായാണ് ഇപ്പോള്‍ പാര്‍വതി എത്തിയിരിക്കുന്നത്.

പാട്ടിന്റെ അവസാന ഭാഗത്തെ ‘ഐ, ഐ’ എന്നതിന് പകരം ആട് കരയുന്നത് പോലുള്ള ശബ്ദം എഡിറ്റ് ചെയ്ത ഒരു ഓഡിയോ കഴിഞ്ഞ ദിവസം
വന്നിരുന്നു. ഇതാണ് തന്റെ ‘വെസ്റ്റ് സൈഡ് കില്ല’ വേര്‍ഷനില്‍ പാര്‍വതി ഉപയോഗിച്ചിരിക്കുന്നത്.

വീഡിയോയിലെ പാര്‍വതിയുടെ ഭാവങ്ങളാണ് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. അവസാന ഭാഗത്തെ എക്‌സ്പ്രഷന്‍സ് ഗംഭീരമായിരിക്കുന്നുവെന്നാണ് വരുന്ന പല കമന്റുകളിലും പറയുന്നത്.

നേരത്തെ സിനിമയില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഈ വീഡിയോകള്‍ കണ്ടെങ്കിലും സംവിധായകര്‍ അത്തരം റോളുകളിലേക്ക് പാര്‍വതിയെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

പാര്‍വതി നേരത്തെ ചെയ്ത റീല്‍സുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കുട്ടികളുടെ ഓഡിയോക്ക് ലിപ് സിങ്ക് ചെയ്തുവരുന്ന വീഡിയോകളാണ് ഇക്കൂട്ടത്തില്‍ അധികവും.


Content Highlight: Actress Parvathy Thiruvoth’s  funny insta reels video