ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു, ഇപ്പോള്‍ നേരിട്ടും; ഇന്ദ്രന്‍സിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് നിര്‍മാതാവ് ബാദുഷ
Entertainment
ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു, ഇപ്പോള്‍ നേരിട്ടും; ഇന്ദ്രന്‍സിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് നിര്‍മാതാവ് ബാദുഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th August 2021, 12:01 pm

നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് നിര്‍മാതാവായ എന്‍.എം. ബാദുഷ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ പുതിയ ചിത്രമായ മെയ്ഡ് ഇന്‍ കാരവാനില്‍ ഇന്ദ്രന്‍സ് അഭിനയിക്കാന്‍ വന്ന അനുഭവമാണ് കുറിപ്പിലൂടെ ബാദുഷ പങ്കുവെക്കുന്നത്.

മറ്റൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മെയ്ഡ് ഇന്‍ കാരവാന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ഇന്ദ്രന്‍സ് വന്നിരുന്നതെന്നും നീണ്ട മണിക്കൂറുകള്‍ അദ്ദേഹം ചിത്രത്തിനായി ചെലവഴിച്ചുവെന്നുമാണ് ബാദുഷ കുറിപ്പില്‍ പറയുന്നത്.

ഒടുവില്‍ ഒരു പാരിതോഷികം പോലും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ബാദുഷ പറയുന്നു. ഹോം എന്ന സിനിമയില്‍ കഥാപാത്രമായി വന്ന് കരയിപ്പിച്ച ഇന്ദ്രന്‍സ് ജീവിതത്തില്‍ സ്‌നേഹം കൊണ്ടു തന്നെ വീണ്ടും കരയിപ്പിക്കുകയാണെന്നും ബാദുഷ പറയുന്നു.

‘ഹോമില്‍ നിന്നും എന്റെ മെയ്ഡ് ഇന്‍ കാരവാനില്‍ വന്ന് എന്റെ സിനിമയെ പൂര്‍ണതയില്‍ എത്തിച്ചു. ഇന്ദ്രന്‍സ് ചേട്ടാ എന്ത് പാവമാണ് നിങ്ങള്‍. രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയില്‍ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റില്‍ അദ്ദേഹമെത്തിയത്.

എത്തിയ ഉടന്‍ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റില്‍ അദ്ദേഹം അഭിനയിച്ചു. ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാന്‍ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിര്‍മ്മിക്കുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലേ ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതി.

ആ സ്‌നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ട് കരയിപ്പിക്കുന്നു, നന്ദി ഇന്ദ്രന്‍സ് ചേട്ടാ,’ ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നിരവധി പേരാണ് കുറിപ്പ് ഇതിനോടകം ഷെയര്‍ ചെയ്തിട്ടുള്ളത്. ഇന്ദ്രന്‍സിന്റെ ലാളിത്യത്തെ കുറിച്ച് സിനിമാ മേഖലയിലുള്ളവര്‍ പറയുന്ന അഭിമുഖങ്ങളുടെ ലിങ്കുകളും കമന്റുകളില്‍ വരുന്നുണ്ട്.

റോജിന്‍ തോമസ് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലിങ്ങിറിയ ഹോം ആണ് ഇന്ദ്രന്‍സിന്റെ പുതിയ ചിത്രം. ഇന്ദ്രന്‍സ് അവതരിപ്പിച്ച നായക കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റ് വലിയ അഭിനന്ദനമാണ് നേടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Producer N M Badusha shares heart touching experience with Indrans