നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. നസ്രിയ നസീമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടൈനര്‍ കൂടിയാണ്. ‘ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്. ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തെ കുറിച്ചും ടോളിവുഡിലെ തന്റെ ആദ്യ ചിത്രത്തെ കുറിച്ചുമൊക്കെ ബിഹൈന്‍ഡ് വുഡ് സ് ടി.വിക്ക് നല്‍കിയ സംസാരിക്കുകയാണ് നസ്രിയ. ഒപ്പം ഫഹദുമൊത്തുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.

ആരോടും പറയാതെ നസ്രിയ പെട്ടെന്ന് വിവാഹം കഴിച്ചതില്‍ തമിഴ്‌നാട്ടിലെ ആരാധകര്‍ക്ക് വരെ പ്രതിഷേധമുണ്ടായിരുന്നു എന്നായിരുന്നു അവതാരകന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ‘അയ്യോ’ എന്നായിരുന്നു ഇതോടെ നസ്രിയയുടെ മറുപടി.

ഒരുപാട് സിനിമകള്‍ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്ത് നസ്രിയ വിവാഹിതയായപ്പോള്‍ നാനിയ്ക്ക് എന്തായിരുന്നു തോന്നിയത് എന്ന ചോദ്യത്തിന് ബാംഗ്ലൂര്‍ ഡെയ്‌സ് താന്‍ കണ്ടിരുന്നെന്നും ഫഹദിനെയാണ് വിവാഹം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ ആ സമയത്ത് ഉണ്ടായ പ്രണയമായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നായിരുന്നു നാനിയുടെ മറുപടി. താങ്കള്‍ പറഞ്ഞത് ശരിയാണെന്നായിരുന്നു ഇതോടെ നസ്രിയ പറഞ്ഞത്.

‘ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നേരത്തെ അറിയാമായിരുന്നു. നേരം കണ്ട ശേഷമൊക്കെ ഫഹദ് മെസ്സേജ് അയക്കുമായിരുന്നു. രണ്ട് പേരും സിനിമകള്‍ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടായിരുന്നു

പിന്നീട് ഫഹദിന്റെ നായികയായി ചില സിനിമകളില്‍ അവസരം വന്നു. പക്ഷേ അത് നടന്നില്ല. ആ സമയത്താണ് ബാംഗ്ലൂര്‍ ഡെയ്‌സ് വരുന്നത്. പിന്നെ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ലെന്നതായിരുന്നു സത്യം. എല്ലാം പെട്ടെന്ന് സംഭവിച്ച കാര്യങ്ങളായിരുന്നു. മറ്റുള്ളവരെ കുറിച്ചൊക്കെ മറന്നുപോയി (ചിരി), നസ്രിയ പറഞ്ഞു.

ഒരു പ്രത്യേക മൊമെന്റിലൊന്നും തോന്നിയ പ്രണയമല്ല തങ്ങളുടേതെന്നും ഷൂട്ടിന്റെ ഭാഗമായി കുറേനാള്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെന്നും നസ്രിയ പറഞ്ഞു. ഒരു മാസം ഞാനും ഫഹദും ഒരു ഫ്‌ളാറ്റില്‍ സ്റ്റക്കായി. ദിവ്യയും ദാസുമായി ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് ഞാന്‍ തമാശയായി അഞ്ജലിയോട് പറയുമായിരുന്നു ആരായാലും പ്രണയത്തിലാകുമെന്ന്, നസ്രിയ പറഞ്ഞു.

വിക്രം സിനിമയിലെ പല താരങ്ങളും പറയുന്നത് ഫഹദിന്റെ കണ്ണില്‍ ഒരു പ്രത്യേക മാജിക് ഉണ്ട് എന്നാണ്. എന്തോ ഒന്ന് ആ കണ്ണില്‍ ഇരിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. ആ കണ്ണുകള്‍ നസ്രിയയോട് എന്താണ് ചെയ്തത് എന്ന ചോദ്യത്തിന് പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഉണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള നസ്രിയയുടെ മറുപടി.

ഒരു നായികയാകുമെന്നൊന്നും താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിമുഖത്തില്‍ നസ്രിയ പറയുന്നുണ്ട്. കരിയറില്‍ നിന്നും നാല് വര്‍ഷത്തോളം ബ്രേക്ക് എടുത്ത സമയം താന്‍ ആഘോഷിക്കുകയായിരുന്നെന്നും യാത്രകളും മറ്റുമായി തന്റെ സ്‌പേസ് ആസ്വദിക്കുകയായിരുന്നെന്നും നസ്രിയ പറഞ്ഞു. ടൊളിവുഡിലെ അരങ്ങേറ്റ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

നദിയ മൊയ്തു, ഹര്‍ഷവര്‍ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയാണ്. എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. വിവേക് സാഗറിന്റെ സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

Content Highlight: Actress Nazriya Nazzim about her love with Fahad