എന്നെ സ്ക്രീനിൽ കാണാനുള്ള കോൺഫിഡൻസ് ഇല്ലായിരുന്നു: മഹേഷിന്റെ പ്രതികാരം ഓർമകൾ പങ്കുവെച്ച് ലിജോമോൾ
Malayalam Cinema
എന്നെ സ്ക്രീനിൽ കാണാനുള്ള കോൺഫിഡൻസ് ഇല്ലായിരുന്നു: മഹേഷിന്റെ പ്രതികാരം ഓർമകൾ പങ്കുവെച്ച് ലിജോമോൾ
അജ്മല്‍ കെ
Sunday, 2nd August 2026, 2:51 pm

മലയാള സിനിമയിലെ ശ്രദ്ധേയയായ യുവ നടിമാരിൽ ഒരാളാണ് ലിജോമോൾ. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ജയ് ഭീം, പൊന്മാൻ, ദാവീദ്, സംശയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

‘മഹേഷിന്റെ പ്രതികാരം’ റിലീസ് ചെയ്ത സമയത്ത് സ്വന്തം സിനിമ പോലും കാണാൻ ആത്മവിശ്വാസമില്ലായിരുന്നെന്നും, സിനിമയിൽ അഭിനയിച്ച കാര്യം പോലും ഒരു കാലത്ത് നിഷേധിച്ചിരുന്നുവെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ഉന്മാദ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി ബൈജു എൻ. നായർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ലിജോമോൾ.സൗബിൻ സാഹിർ.Photo: Screengrab/ Mazhavil manorama/ Youtube.com

മഹേഷിന്റെ പ്രതികാരത്തിലെ തന്റെ കഥാപാത്രം ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ വളരെ ചെറിയൊരു കഥാപാത്രം മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങിയതിന് ശേഷം അതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ വന്നു. സിനിമ മറ്റൊരു തലത്തിലേക്ക് പോയി. അഭിമുഖങ്ങൾക്കായി ആളുകൾ വിളിക്കാൻ തുടങ്ങി. അപ്പോഴാണ് ആ സിനിമയിലെ തന്റെ കഥാപാത്രത്തിന് ഇത്രയും പ്രാധാന്യമുണ്ടായിരുന്നോ എന്ന് ചിന്തിച്ചതെന്നും താരം പറഞ്ഞു.

സംവിധായകൻ മധുപാലും നടൻ ജയസൂര്യയും തന്നെ വിളിച്ചിരുന്നു. അപ്പോഴും, അതിന് മാത്രം ഇതിൽ എന്താണുള്ളത്, ചെറിയൊരു കഥാപാത്രമല്ലേ ചെയ്തിരിക്കുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്. തന്റെ കഥാപാത്രത്തിന് ഇത്രയധികം ശ്രദ്ധ ലഭിച്ചതിന്റെ കാരണം അന്ന് മനസിലായിരുന്നില്ലെന്നും ലിജോമോൾ പറഞ്ഞു.

ലിജോമോൾ.Photo: Lijomol/ Facebook.com

 

സിനിമ റിലീസ് ചെയ്ത സമയത്ത് താൻ ചിത്രം കണ്ടിരുന്നില്ല. ഒന്നാമതായി, എന്നെ സ്ക്രീനിൽ കാണാനുള്ള കോൺഫിഡൻസ് ഇല്ലായിരുന്നു. സിനിമ കാണാൻ പലരും വിളിച്ചെങ്കിലും പോയില്ല. പിന്നീട് സിനിമ റിലീസ് ചെയ്ത് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ കട്ടപ്പനയിൽ നടന്ന സ്വീകരണ പരിപാടിയുടെ സമയത്താണ് നിർബന്ധിച്ച് സിനിമ കാണാൻ പോയത്. അന്ന് പ്രൊഡക്ഷനിൽ നിന്നാണ് ടിക്കറ്റും എടുത്ത് തന്നത്. അങ്ങനെയാണ് താൻ സിനിമ കണ്ടതെന്നും, അല്ലായിരുന്നെങ്കിൽ കാണാൻ പോലും പോകുമായിരുന്നില്ലെന്നും താരം പറഞ്ഞു.


‘സിനിമയിൽ അഭിനയിച്ച ആൾ അല്ലെ എന്ന് എന്നോട് ആരേലും ചോദിചാൽ ഞാൻ കുറെ കാലം അല്ല എന്ന് പറഞ്ഞിരുന്ന ആൾ ആയിരുന്നു. അത് മാറിയിട്ട് കുറെ നാൾ ഒന്നും ആയിട്ടില്ല. അത് ഞാനാണ് എന്ന് പറയാൻ എനിക്ക് പേടി ആയിരുന്നു. അത് എന്താണ് എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ അങ്ങനെ പറയുന്നത് ശെരിയല്ല എന്ന് പിന്നീട് എനിക്ക് തോന്നി,’ എന്നും താരം കൂട്ടിച്ചേർത്തു.

ലിജോമോൾ.Photo: Screengrab/Youtube

 

ലിജോമോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉന്മാദം’ ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രമാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം ജൂലൈ 31ന് തിയേറ്ററുകളിലെത്തി സമ്മിശ്ര പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.

Content Highlight: Actress Lijomol talks about her debut film and the early days of her acting career

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.