പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി കനിഹ. പൃഥ്വിരാജ് എന്ന വ്യക്തി എത്ര വേഗമാണ് നടനില്‍ നിന്നും സംവിധായകനിലേക്കും തിരിച്ചും മാറുന്നതെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കനിഹ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും കനിഹ സംസാരിച്ചത്. ബ്രോ ഡാഡി സെറ്റില്‍ നിന്നും പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും കനിഹ പങ്കുവെച്ചു.

‘പൃഥ്വിരാജ് വിവിധ റോളുകള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതുവരെ ചെയ്ത തികച്ചും വ്യത്യസ്തമായ ഓരോ കഥാപാത്രങ്ങളും ജീവസുറ്റതാക്കി തീര്‍ക്കുന്ന അദ്ദേഹത്തിന്റെ കഴിവിലും അത്ഭുതപ്പെട്ടിട്ടുണ്ട്.

എന്നെങ്കിലും പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യണം എന്നുണ്ടായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. എത്ര അനായാസമായാണ് സംവിധായകനില്‍ നിന്നും നടനിലേക്ക് പൃഥ്വിരാജ് മാറുന്നതെന്ന് കാണുന്നത് തന്നെ ഒരു മികച്ച അനുഭവമായിരുന്നു.

പൃഥ്വിരാജ്, ഞാനെന്നും നിങ്ങളുടെയും നിങ്ങളുടെ വര്‍ക്കിന്റെയും ആരാധികയാണ്,’ കനിഹയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.

കനിഹയുടെ പോസ്റ്റില്‍ മറുപടി കമന്റുമായി പൃഥ്വിരാജുമെത്തിയിട്ടുണ്ട്. അങ്ങനെ അവസാനം, നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്.


Content Highlight: Actress Kaniha about Prithviraj and Bro Daddy movie shooting