കാവി വിവാദങ്ങള്‍ക്കും ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പത്താനെ പുകഴ്ത്തി നടി കങ്കണ റണാവത്തും നടന്‍ അനുപം ഖേറും. ചിത്രത്തെ ‘വലിയ സിനിമ’ എന്നാണ് അനുപം ഖേര്‍ വിശേഷിപ്പിച്ചത്.

പത്താന്‍ പോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ കഴിയും വിധത്തില്‍ പരിശ്രമിക്കുമെന്നും കങ്കണ പറഞ്ഞു.

‘പത്താന്‍ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയും വിധത്തില്‍ ശ്രമിക്കുന്നത്,”കങ്കണ പറഞ്ഞു. പത്താന്‍ വലിയ ബജറ്റില്‍ നിര്‍മ്മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.

സിദ്ധാര്‍ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയ സിനിമയാണിത്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

‘എമര്‍ജന്‍സി’യാണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. ‘മണികര്‍ണിക’യ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടി ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.

CONTENT HIGHLIGHT: ACTRESS KANGANA RANAUT PRAISED PATHAN MOVIE