കുട്ടിക്കാലത്ത് എപ്പോള്‍ നോക്കിയാലും ലാലു വീട്ടിന്റെ മുന്നിലുള്ള മാവിന്റെ മുകളിലാണ്: മല്ലിക സുകുമാരന്‍
Entertainment news
കുട്ടിക്കാലത്ത് എപ്പോള്‍ നോക്കിയാലും ലാലു വീട്ടിന്റെ മുന്നിലുള്ള മാവിന്റെ മുകളിലാണ്: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 12:57 pm

മോഹന്‍ലാലിന് ചെറുപ്പത്തില്‍ ഭയങ്കര കുസൃതിയായിരുന്നുവെന്ന് നടി മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്റെ അച്ഛന്റെ വീട് തന്റെ വീടിന്റെ അടുത്താണെന്നും ചെറുപ്പത്തില്‍ അദ്ദേഹത്തെ നോക്കുന്നത് വലിയ പണിയായിരുന്നുവെന്നും മല്ലിക പറഞ്ഞു.

മോഹന്‍ലാല്‍ എപ്പോള്‍ നോക്കിയാലും തന്റെ വീടിന്റെ മുന്നിലെ മാവിന്റെ മുകളിലായിരുന്നുവെന്നും മല്ലിക പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ പത്തനംതിട്ടയുള്ളപ്പോള്‍ എലന്തൂരാണ് മോഹന്‍ലാലിന്റെ അച്ഛന്റെ വീട്. അദ്ദേഹത്തിന്റെ അച്ഛന്റെ കുടുംബവും എന്റെ കുടുംബവും ബന്ധുക്കളെ പോലെയാണ്. പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ ലാലിന്റെ അച്ഛന്‍ അവിടെ നിന്നും പോകും.

എന്റെ ചേട്ടനും ലാലുവും ഭയങ്കര സ്‌നേഹത്തിലാണ്. പക്ഷെ ചേട്ടന്‍ അന്ന് എം.ബി.എ.എസിന് പഠിക്കുകയാണ് അതുകൊണ്ട് ലാലിന്റെ പുറകെ നടക്കാന്‍ കഴിയില്ല. ലാലിന്റെ അച്ഛന്‍ പോയി വരുന്നതുവരെ ലാലിന്റെ കൂടെ മല്ലിയുണ്ടല്ലോയെന്ന് എന്റെ അമ്മ പറയും. ഈ കുസൃതി ഉള്ള ആളെ ഒന്ന് ഭൂമിയിലേക്ക് കിട്ടിയാല്‍ അല്ലെ നോക്കാന്‍ കഴിയുക.

എനിക്ക് ഒരു പന്ത്രണ്ട് വയസ് കാണും. ലാലുവിന് ഏഴും. എപ്പോള്‍ നോക്കിയാലും ഞങ്ങളുടെ വീട്ടിന്റെ മുന്നിലുള്ള ചരിഞ്ഞ മാവിന്റെ മുകളിലാണ്. എന്റെ അച്ഛന്റെ പേടി ലാലു കുസൃതി കാണിക്കുന്നതിലല്ല. മാവിന്റെ മുകളില്‍ നിന്ന് വീണ് അപകടം പറ്റുന്നതിനാണ്.

അച്ഛന്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ കോണിപടിയിലൂടെ കളിക്കുന്ന ലാലിനെയാണ് കാണുന്നത്. അമ്മയെ വിളിച്ച് ചീത്ത പറഞ്ഞു. ഒരു പോറലും പറ്റാതെ അവന്റെ അച്ഛന്‍ വരുമ്പോള്‍ വീട്ടിലെത്തിക്കണമെന്ന് അമ്മയോട് പറഞ്ഞു. അവന് വീണ് എന്തെങ്കിലും പറ്റുമോയെന്ന് ഓര്‍ത്തിട്ടാണ്. അത്രക്കും കുസൃതിയായിരുന്നു. അതുകാരണം എന്റെ ജോലി ലാലുനെ നോക്കുന്നതായി. ഏട്ടന്‍ വരുന്നതുവരെ മതി. പിന്നെ അവന്‍ ഏട്ടന്റെ കൂടെയാണ്,” മല്ലിക പറഞ്ഞു.

CONTENT HIGHLIGHT: MALLIKA SUKUMARAN ABOUT MOHANLAL