കൊച്ചി: തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും അടിസ്ഥാനമില്ലെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.
ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.
ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ വാര്‍ത്ത പുറത്തുവന്നത്.
