മമ്മൂട്ടി നായകനായ ‘കനൽകാറ്റ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ബീന ആന്റണി. ഗോഡ് ഫാദർ, യോദ്ധ, വലയം, നെറ്റിപ്പട്ടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ഈ വർഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ’ എന്ന ചിത്രത്തിലും ഷംനാത്ത എന്ന ശ്രദ്ധേയ കഥാപാത്രത്തെ ബീന ആന്റണി അവതരിപ്പിച്ചു.
എന്നാൽ, സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കാതെ വന്നതോടെ കുറച്ചുനാളായി സിനിമയിൽ നിന്ന് അകന്നുനിന്ന അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ബീന ആന്റണി. സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ പ്രേക്ഷകർക്ക് തന്റെ മുഖം കണ്ടുപഴകിയതായി തോന്നുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്നാൽ പുതിയ ചിത്രത്തിലെ തന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെന്നും ബീന ആന്റണി പറഞ്ഞു. ‘ഗൃഹലക്ഷ്മി’ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് മനസ്തുറന്നത്.
സംവിധായകൻ ചിദംബരവും നടൻ ഗണപതിയും നേരത്തെ സീരിയലിൽ തന്റെ മക്കളായി അഭിനയിച്ചിട്ടുള്ളവരാണെന്നും, ഗണപതിയിലൂടെയാണ് പുതിയ സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും ബീന പറഞ്ഞു. ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ടശേഷം ചിദംബരത്തിന് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നുവെന്നും ബീന പറയുന്നു. പിന്നീട് ഗണപതി തന്നെ വിളിച്ച് പുതിയൊരു പ്രോജക്ടിൽ അഭിനയിക്കാമെന്ന് അറിയിക്കുകയായിരുന്നു.
‘കഥാപാത്രത്തെക്കുറിച്ചുപോലും ഞാൻ ചോദിച്ചില്ല. പെർഫോം ചെയ്യാനുള്ള ഒരു സീൻ എങ്കിലും ഉണ്ടായാൽ മതി എന്നാണ് പറഞ്ഞത്. ഗണപതിയെന്നു പറഞ്ഞാൽ വിഘ്നേശ്വരനാണല്ലോ. എന്റെ വിഘ്നങ്ങളെല്ലാം തീർത്ത് സിനിമയിലേക്ക് വിളിച്ചത് ഗണപതിയാണ്,’ ബീന ആന്റണി പറഞ്ഞു.
സിനിമയിൽ നിന്ന് അകന്നുനിന്നതിന് പിന്നിലെ സാഹചര്യങ്ങളും ബീന പങ്കുവച്ചു. മകൻ ചെറുപ്പമായിരുന്ന സമയത്ത് സീരിയലായിരുന്നു കൂടുതൽ സൗകര്യപ്രദമായിരുന്നതെന്നും, അഭിനയത്തോടൊപ്പം മകനൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. പിന്നീട് അമ്മയുടെ മരണവും മറ്റ് ചില പ്രശ്നങ്ങളും കാരണം സിനിമയിൽ നിന്ന് പൂർണമായും അകന്നുപോയി എന്നും തരാം കൂട്ടിച്ചേർത്തു.
മകൻ വളർന്നതോടെയാണ് വീണ്ടും സിനിമയിലേക്ക് വരണമെന്ന ആഗ്രഹം ശക്തമായത്. പലരും സിനിമ ചെയ്യാത്തതിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നെങ്കിലും അവസരം ലഭിക്കേണ്ടതുണ്ടല്ലോ എന്നായിരുന്നു തന്റെ മറുപടിയെന്നും ബീന പറഞ്ഞു.
‘സീരിയലിൽ വില്ലത്തിയായും നായികയായും ശക്തമായ സ്ത്രീകഥാപാത്രങ്ങളായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും സിനിമയിൽ ഒരു നല്ല കഥാപാത്രത്തിന് പരിഗണിക്കാത്തത് എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ട്. നമ്മൾ പ്രപഞ്ചത്തോട് നന്ദി പറഞ്ഞുകൊണ്ട് എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നമുക്ക് കിട്ടുമെന്നൊരു വിശ്വാസമുണ്ട്,’ താരം പറഞ്ഞു.
ബീന ആന്റണി.Photo: Facebook.com
ബാലൻ സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് സിങ്ക് സൗണ്ടിലാണ് ചിത്രീകരണമെന്ന് അറിഞ്ഞതെന്നും ബീന പറഞ്ഞു. ഇത്രയും വർഷം പ്രോംപ്റ്റിങ് കേട്ട് അഭിനയിച്ചിരുന്ന തനിക്ക് ആദ്യം ടെൻഷനായിരുന്നെങ്കിലും അധികം വൈകാതെ സിങ്ക് സൗണ്ടിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.
Content Highlight: Actress Beena Antony opens up about her film journey and comeback