മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നടനുമാണ് ശ്രീകാന്ത് മുരളി. തന്റെ പതിനാറാം വയസില്‍ പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് 1996 മുതല്‍ 2006 വരെ സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രൊജക്റ്റുകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.

ശ്രീകാന്ത് മുരളി. Photo: Srikanth Murali/ Facebook.com

തുടര്‍ന്ന് ഫ്രീലാന്‍സ് ഫിലിം മേക്കറായി മാറിയ അദ്ദേഹം 2016-ല്‍ അഭിനയരംഗത്തും സജീവമായി. 2017-ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സംവിധാനത്തിന് പുറമെ ആക്ഷന്‍ ഹീറോ ബിജു, വൈറസ്, ലൂക്ക, ഹോം, രേഖാചിത്രം തുടങ്ങിയ നിരവധിയേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ശ്രീകാന്തിന് സാധിച്ചു.

അടുത്തിടെ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തനിക്ക് അഭിനയത്തില്‍ ആത്മവിശ്വാസം നല്‍കിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകാന്ത് മുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രമാണ് തനിക്ക് അഭിനയത്തില്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് നല്‍കിയതെന്ന് പറയുകയാണ് താരം.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയാണ് അഭിനയം പിടിക്കാം എന്ന ധൈര്യം എനിക്ക് നല്‍കിയത്. അതവരെനിക്ക് നല്‍കിയ കോണ്‍ഫിഡന്‍സാണ്. ദിലീഷ് പോത്തനും ശ്യാമും ഉണ്ണിമായയും രാജീവും ഒപ്പം റീമ കല്ലിങ്കലും എല്ലാം ചേര്‍ന്നാണ് എനിക്ക് ആ ധൈര്യം നല്‍കിയത്. ആ സിനിമ കഴിഞ്ഞപ്പോഴാണ് എനിക്ക് അഭിനയിക്കാം എന്ന് തോന്നിതുടങ്ങിയത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും. Photo: Reddit

ചിലപ്പോള്‍ അവര്‍ നമ്മളെ കൊണ്ട് പണിയെടുപ്പിച്ചതിന്റെ ഒരു പ്രത്യേകത കൊണ്ട് കൂടിയാവാം. ഒരു പ്രത്യേക രീതിയിലായിരുന്നു അതിന്റെ ഷൂട്ടിങ്. നമ്മളെ കൊണ്ട് ഡയലോഗ് പറയിപ്പിക്കുന്ന രീതിയും അഭിനയിപ്പിക്കുന്ന രീതിയും എല്ലാം വ്യത്യസ്തമായിരുന്നു. ഞാന്‍ പഠിച്ച് സ്‌കൂളേ ആയിരുന്നില്ല അത്. ആ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ഈ പരിപാടി കൊള്ളാം എന്ന് ഞാന്‍ തീരുമാനിച്ചു,’ ശ്രീകാന്ത് പറഞ്ഞു.

Content Highlight: Srikanth Murali talks about Thondimuthalum Driksakshiyum