ട്രാൻസ്ജെൻഡർ കഥാപാത്രത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും തുടരുന്നതിനിടെയാണ് ‘ഡൊറോത്തി’യെക്കുറിച്ചുള്ള തന്റെ പ്രതികരണം സംവിധായകൻ കാർത്തിക് സുബ്ബരാജ് പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മനസിലും മറ്റുള്ള മനുഷ്യരെ കാണുന്ന അവരുടെ കാഴ്ചപ്പാടിലും ചെറിയൊരു മാറ്റമെങ്കിലും കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നത് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും ‘ഡൊറോത്തി’യിലൂടെ അത് സാധ്യമായെന്നും കാർത്തിക് സുബരാജ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഡൊറോത്തി’യെ പ്രേക്ഷകർ തിയേറ്ററുകളിൽ സ്വീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ടാണ് കാർത്തിക് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. 14 വർഷം മുമ്പ് തന്റെ ആദ്യ ചിത്രമായ ‘പിസ’ റിലീസ് ചെയ്ത അതേ ദിവസമാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർത്തിക് സുബ്ബരാജ്,ഡൊറോത്തി. Photo. Screen Grab/ Youtube. IMDb
’14 വർഷം മുമ്പ്, ഒക്ടോബർ ഒന്നിനാണ് എന്റെ ആദ്യ സിനിമയായ ‘പിസ’ റിലീസ് ചെയ്തത്. ഇന്ന് ഈ അക്കമാരുടെ പ്രസ്മീറ്റ് വീഡിയോ കാണുമ്പോൾ ഞാൻ വൈകാരികമായി. സന്തോഷവും ഒരു ലക്ഷ്യം നിറവേറ്റിയതിന്റെ സംതൃപ്തിയും തോന്നുന്നു. അതെ, ഞാൻ അവരുടെ സഹോദരനാണ്,’ കാർത്തിക് കുറിച്ചു.
താൻ സിനിമയിലൂടെ ആഗ്രഹിച്ചിരുന്ന മാറ്റത്തെക്കുറിച്ചും കാർത്തിക് വ്യക്തമാക്കി. പ്രേക്ഷകരുടെ മനസിലും മറ്റുള്ള മനുഷ്യരോടുള്ള അവരുടെ കാഴ്ചപ്പാടിലും ചെറിയൊരു മാറ്റം കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നായിരുന്നു തന്റെ എക്കാലത്തെയും ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രേക്ഷകരുടെ ഹൃദയത്തിലും അവർ മറ്റുള്ള മനുഷ്യരെ കാണുന്ന കാഴ്ചപ്പാടിലും ഒരു ചെറിയ മാറ്റമെങ്കിലും കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്തത്. 14 വർഷത്തെ വനവാസത്തിന് ശേഷം ‘ഡൊറോത്തി’ അതിന് സാധ്യമാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു,’ കാർത്തിക്ക് പറഞ്ഞു.
സിനിമയെ തിയേറ്ററുകളിൽ സ്വീകരിച്ച ഓരോ പ്രേക്ഷകനോടും നന്ദിയുണ്ടെന്നും കാർത്തിക് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ ശക്തമായപ്പോഴും സിനിമയിലും പ്രേക്ഷകരിലുമുള്ള തന്റെ വിശ്വാസം അദ്ദേഹം ആവർത്തിച്ചു. ‘ഡൊറോത്തി’യെക്കുറിച്ചുള്ള ഓൺലൈൻ പ്രതികരണങ്ങളെക്കാൾ തിയേറ്ററിലെ പ്രേക്ഷകരുടെ പ്രതികരണമാണ് താൻ പരിഗണിക്കുന്നതെന്നും കാർത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ഡൊറോത്തി’യെ തിയേറ്ററുകളിൽ സ്വീകരിച്ച ഓരോ പ്രേക്ഷകനോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. എനിക്ക് സിനിമയിൽ വിശ്വാസമുണ്ട്. പ്രേക്ഷകരിലും വിശ്വാസമുണ്ട്,’ കാർത്തിക്ക് സുബരാജ് പറഞ്ഞു.

കാർത്തിക് സുബ്ബരാജ്.Photo. Screen Grab/ Youtube.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ഡൊറോത്തി’ സെപ്റ്റംബർ 25നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ട്രാൻസ്ജെൻഡർ പ്രമേയവും കഥാപാത്രങ്ങളുടെ അവതരണവും റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
Content Highlight: Director Karthik Subbaraj shares his reaction to ‘Dorothy’
