മമ്മൂട്ടി ചെന്നൈയില്‍ ഒരു ഷൂട്ടിങ് സെറ്റിലുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയ കഥ പറയുകയാണ് അനു സിത്താര. പേരന്പ് സിനിമയുടെ സെറ്റില്‍ മമ്മൂട്ടിയുണ്ടെന്ന് അറിഞ്ഞ് തന്റെ ഭര്‍ത്താവിനെയും കൂട്ടി അദ്ദേഹത്തെ കാണാന്‍ പോയെന്നും, അവിടേക്ക് പോകുന്ന വഴി റോഡില്‍ മുഴുവന്‍ ബ്ലോക്കായിരുന്നു എന്നും അനു സിത്താര പറഞ്ഞു. അതുകൊണ്ട് തന്നെ അവര്‍ നടന്നാണ് അങ്ങോട്ട് പോയെതെന്നും താരം പറഞ്ഞു.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അനു സിത്താര ഇക്കാര്യങ്ങള്‍ പറഞ്ഞത്. മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ തനിക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും, തന്റെ കണ്ണ് വരെ നിറഞ്ഞുപോയെന്നും അനു പറഞ്ഞു.


‘പേരന്പ് എന്ന സിനിമയുടെ ഭാഗമായി മമ്മൂക്ക ചെന്നൈയിലെത്തിയെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ മമ്മൂക്കയെ കാണാന്‍ പോയിരുന്നു. അദ്ദേഹം അവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും പോയി കാണണമെന്ന് തോന്നി.

ഞാന്‍ ആന്റോ ചേട്ടനോട് ചോദിച്ചു എങ്ങനെയെങ്കിലും അദ്ദേഹത്തെ കാണാന്‍ പറ്റുമോയെന്ന്. ഞാനും വിഷ്ണുവേട്ടനും ഇവിടെയുണ്ടെന്നും പറഞ്ഞു. വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരിച്ചു പോകണമെന്നും ആന്റോ ചേട്ടനോട് ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ മമ്മൂക്കയെ കാണാന്‍ ചെല്ലുമ്പോള്‍ വലിയൊരു ബ്ലോക്കായിരുന്നു അവിടെ. പിന്നെ അവിടെ നിന്നും ലൊക്കേഷനിലേക്ക് കുറച്ച് ദൂരം മാത്രമായപ്പോള്‍ ഞങ്ങള്‍ ഇറങ്ങി നടന്നു. ഓടിക്കിതച്ച് അവിടെ എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് മമ്മൂക്ക അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അങ്ങനെ മമ്മൂക്കയെ കാണാന്‍ ഞാന്‍ അകത്ത് കയറി. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ലായിരുന്നു. എന്താണ് അദ്ദേഹത്തോട് പറയേണ്ടത് എന്നുപോലും എനിക്കറിയില്ലായിരുന്നു. മമ്മൂക്കയെ കണ്ടപ്പോള്‍ ശരിക്കും പറഞ്ഞാല്‍ എന്റെ കണ്ണ് വരെ നിറഞ്ഞുപോയി,’ അനു സിത്താര പറഞ്ഞു.

അതേസമയം നിരവധി സിനിമകളാണ് അനു സിത്താരയുടേതായി അണിയറയിലൊരുങ്ങുന്നത്. അനുരാധ ക്രൈം നമ്പര്‍ 59/2019, മോമോ ഇന്‍ ദുബായ്, വാതില്‍, ദുനിയാവിന്റെ ഓരത്ത്, സന്തോഷം തുടങ്ങിയ സിനിമകളും റിലീസിന് ഒരുങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ അമീറ എന്ന തമിഴ് ചിത്രവും അണിയറയിലൂണ്ട്.

 

content highlight: actress anu sithara talks about mammootty