മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഐശ്വര്യ ചെയ്ത ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നവയായിരുന്നു.

ഇതിനിടെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളുണ്ടെന്നും തനിക്ക് മാത്രം അറിയാവുന്ന, ഏറ്റവും വേണ്ടപ്പെട്ടവർക്ക് മാത്രം കാണാവുന്ന അക്കൗണ്ടാണെന്നും പറയുകയാണ് ഐശ്വര്യ.

ഐശ്വര്യ ലക്ഷ്മി, Photo: X.com

‘സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് തീരുമാനിച്ചപ്പോൾ പലരും പറഞ്ഞു, മണ്ടത്തരമാണ്, സോഷ്യൽ മീഡിയ വിട്ടാൽ കരിയർ ഉണ്ടാവില്ല, വർക്കുകൾ വരില്ല എന്നൊക്കെ. എന്നാൽ എന്റെ സോഷ്യൽ മീഡിയ പേജ് കണ്ടിട്ടല്ല എനിക്ക് ഇതുവരെ സിനിമ കിട്ടിയിട്ടുള്ളത്.

ഞാൻ ഒരു ഇൻഫ്ളുവൻസർ അല്ല. എനിക്കത് ആകാനും താൽപര്യം ഇല്ല. പ്രൊഫഷൻ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ. സോഷ്യൽ മീഡിയ ഒരിക്കലും എന്നെ നല്ല അഭിനേതാവാകാൻ സഹായിച്ചിട്ടില്ല.

എനിക്ക് ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടുണ്ട്. ഹെൽത്ത് കെയർ ടിപ്സ്, സ്കിൻ കെയർ ടിപ്സ്… എനിക്ക് ആവശ്യമുള്ളവ മാത്രം കാണാനായി ഞാൻ ഉപയോഗിക്കാറുണ്ട്. കൂടാതെ, എന്റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുകൾക്ക് മാത്രം കാണാവുന്ന തരത്തിൽ എനിക്ക് പേഴ്‌സണൽ പേജ് ഉണ്ട്.

എന്നാൽ ഒരു താരമെന്ന നിലയിൽ ഞാൻ എവിടെയെങ്കിലും പോകുമ്പോൾ ഓൺലൈൻ മീഡിയയിൽ വീഡിയോയോ ഫോട്ടോയോ വരുന്നത് എനിക്ക് തടയാൻ പറ്റില്ല,’ ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി, Photo: X.com

കഴിഞ്ഞ ഓണത്തിന് നാട്ടിലില്ലായിരുന്നിട്ടും ബോംബെയിൽ വെച്ച് ഓണം ഫോട്ടോഷൂട്ട് നടത്തിയതിനെക്കുറിച്ചും ഐശ്വര്യ തുറന്നുപറഞ്ഞു. ‘ഫോട്ടോ കണ്ട് അമ്മ ചോദിച്ചിരുന്നു, എന്തിനാണ് ഇങ്ങനെയൊരു ഷൂട്ട്, അത് ചെയ്‌തില്ലെങ്കിൽ എന്താണ് ഉണ്ടാവുക എന്ന്.

ഞാനും അത് ചിന്തിച്ചു. ഫിയർ ഓഫ് മിസ്സിങ് ഔട്ട് അഥവാ എല്ലാവരും മറന്നുപോകുമോ എന്ന പേടിയാണ് എന്നെ അതിന് പ്രേരിപ്പിച്ചതെന്ന് തോന്നുന്നു,’ എന്നാണ് താരം പറഞ്ഞത്.

Content Highlight: Actress Aishwarya Lekshmi says she has an Instagram account