മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അഭിരാമി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ബ്ലാസ്റ്റി’ലെ ആക്ഷൻ രംഗങ്ങളിലെ പ്രകടനത്തിനും അഭിരാമിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ ഓർമ പങ്കുവെക്കുകയാണ് അഭിരാമി. മമ്മൂട്ടിക്കൊപ്പം പുതിയ സിനിമയിൽ തനിക്ക് സീനുകളൊന്നും ഉണ്ടായിരുന്നില്ലെന്നും, എന്നാൽ കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹത്തെ അറിയാമായിരുന്നുവെന്നും താരം പറഞ്ഞു. മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെക്കുറിച്ചുള്ള രസകരമായ ഓർമയും അഭിരാമി പങ്കുവെച്ചു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘മമ്മൂക്കയുടെ ഒപ്പം എനിക്ക് സീൻ ഒന്നും ഉണ്ടായിരുന്നില്ല ഇതിൽ. മമ്മൂക്കയെ ഈ സിനിമയ്ക്ക് വേണ്ടിയല്ല ആദ്യമായി കണ്ടത്. എനിക്ക് പറഞ്ഞുകേട്ടിട്ടുള്ള ഒരു മെമ്മറിയുണ്ട്. ഗിരിനഗറിൽ ഞാൻ നാല്–അഞ്ച് വയസുള്ള കുട്ടിയായിരുന്നപ്പോൾ ഗ്രാൻഡ്ഫാദറിന്റെ കൂടെ റോഡിലൂടെ നടന്നുപോകുകയായിരുന്നു. അപ്പോൾ മമ്മൂക്ക ഒരു ഫിയറ്റ് കാർ ഓടിച്ച് പോകുന്നുണ്ടായിരുന്നു. മമ്മൂക്കയെ കണ്ടിട്ട് ഞാൻ അദ്ദേഹത്തെ ചൂണ്ടിക്കാണിച്ച് മമ്മൂട്ടി എന്ന് പറഞ്ഞെന്നാണ് അപ്പൂപ്പൻ എന്നോട് പറഞ്ഞിട്ടുള്ളത്,’ അഭിരാമി പറഞ്ഞു.
അതിന് ശേഷം മമ്മൂട്ടിയെ നേരിൽ കാണുന്ന മറ്റൊരു ഓർമയും അഭിരാമി പങ്കുവെച്ചു. 2000ലെ മില്ലേനിയം ആഘോഷങ്ങളുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെയാണ് മമ്മൂട്ടിയെ അടുത്ത് കാണാൻ അവസരം ലഭിച്ചതെന്ന് താരം പറഞ്ഞു.
‘2000ൽ മില്ലേനിയം ഇയറിൽ ‘വെൽക്കം 2000’ എന്ന് പറഞ്ഞ് ഗൾഫ് രാജ്യങ്ങളിലൊക്കെ സ്റ്റേജ് ഷോകൾ നടത്തിയിരുന്നു. അതിന്റെ റിഹേഴ്സലിന് എല്ലാവരും കൊച്ചിയിലെ ഒരു ഹോട്ടലിൽ ഒത്തുകൂടിയിരുന്നു. അപ്പോഴാണ് മമ്മൂക്കയെ ആദ്യമായി നേരിട്ട് കാണുന്നത്,’ അഭിരാമി കൂട്ടിച്ചേർത്തു.
അഭിരാമി.മമ്മൂട്ടി.Photo: Facebook.com
പ്രകാശ് വർമ്മയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലോ ആൻഡ് ഓർഡർ. ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രം സെപ്തംബർ നാലിന് തിയേറ്ററുകളിലെത്തും.
Content Highlight: Actress Abhirami Shares her memories of mammotty