ഗാട്ടാ കുസ്തി 2 വുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ് തമിഴ് സിനിമാ താരവും നിര്‍മാതാവുമായ വിഷ്ണു വിശാല്‍. നടന്‍ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ സിനിമാ തെരഞ്ഞെടുപ്പുകളെയും കുറിച്ച് വിഷ്ണു വിശാല്‍ സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഒരു നായകന്‍ ഇന്ന രീതിയിലേ അഭിനയിക്കാവൂ എന്ന സിനിമാ ലോകത്തെ പരമ്പരാഗത ചിന്താഗതികളെയും സ്റ്റീരിയോ ടൈപ്പുകളെയും മമ്മൂട്ടി പൂര്‍ണമായും തകര്‍ത്തുകളഞ്ഞെന്ന് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു വിശാല്‍ പറഞ്ഞു.
മറ്റ് നിര്‍മാതാക്കള്‍ ചെയ്യാന്‍ മടിക്കുന്നതും ഭയപ്പെടുന്നതുമായ പരീക്ഷണ ചിത്രങ്ങള്‍, മറ്റുള്ളവരിലേക്ക് റിസ്‌ക് നല്‍കാതെ മമ്മൂട്ടി തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍മിക്കുന്നതിനെക്കുറിച്ച് താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘എത്ര മനോഹരമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബ്രില്യന്റ് ക്യാരക്ടറുകളല്ലേ അദ്ദേഹം ചെയ്യുന്നത്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും തകര്‍ത്തല്ലേ അദ്ദേഹം ഓരോ സിനിമകള്‍ ചെയ്യുന്നത്.
ഒരു ഹീറോ ഇതേ ചെയ്യാവൂ എന്ന രീതിയെ പൊളിച്ചുകളയുകയല്ലേ. അതൊക്കെ കാണുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും അദ്ദേഹത്തില്‍ നിന്നും ഇന്‍സ്പയേര്‍ഡ് ആകും. ഞാന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങാനുള്ള കാരണവും ഇതാണ്.
ഞാന്‍ നിര്‍മിക്കുന്ന സിനിമകളുടെ തിരക്കഥയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടാകുക എന്നതാണ് പ്രധാനം. എന്റെ കരിയറിലെ വന്‍ വിജയങ്ങളായ ‘ഗാട്ടാ കുസ്തി’ അഞ്ച് നിര്‍മാതാക്കള്‍ ഒഴിഞ്ഞുപോയ സിനിമയായിരുന്നു. അതുപോലെ ‘രാക്ഷസന്‍’ എന്ന ചിത്രത്തില്‍ നിന്ന് 22 നിര്‍മാതാക്കളാണ് മാറിവന്നത്. എനിക്ക് ഇഷ്ടപ്പെട്ട ഇത്തരം നല്ല കഥകള്‍ സിനിമയാകാന്‍ വേണ്ടിയാണ് ഞാന്‍ സ്വന്തമായി നിര്‍മാണരംഗത്തേക്ക് ഇറങ്ങിയത്, വിഷ്ണു വിശാല്‍ പറഞ്ഞു.
വിഷ്ണു വിശാല്‍
ഒരു നിര്‍മാതാവ് എന്ന നിലയില്‍ കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ചെറിയ രീതിയിലെങ്കിലും ഹിറ്റാകുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു. നല്ല സിനിമകള്‍ ഇന്ന് പ്രേക്ഷകര്‍ ഭയങ്കരമായി ഏറ്റെടുക്കുന്നുണ്ട്.
ഇത് സിനിമ മേഖലയില്‍ സംഭവിക്കുന്ന വളരെ പോസിറ്റീവായ മാറ്റമാണ്. ഇത്തരം വിജയങ്ങള്‍ നിര്‍മാതാക്കള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് സിനിമയിലെ ഭൂരിഭാഗം ആളുകളും നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള ചെറുതും ഇടത്തരവുമായ സിനിമകളാണെന്നും വിഷ്ണു വിശാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Vishnu Vishal about Mammootty
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.