2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ വിമൽ സാർ എന്ന കഥാപാത്രമാണ് വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിനുപുറമെ ദുൽഖർ ചിത്രമായ ഐ ആം ഗെയിം, യുവ സംവിധായകൻ ഷഹദ് റഹ്മാൻ സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നീ ചിത്രങ്ങളിലും വിനയ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

വിനയ് ഫോർട്ട്, Photo. Screen Grab/ Youtube

ഇപ്പോഴിതാ നടിയും സഹപ്രവർത്തകയുമായ പാർവതി തിരുവോത്തിനെക്കുറിച്ച് റേഡിയോ മാങ്കോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. പാർവതിക്കൊപ്പം വളരെ കംഫർട്ടബിളായി വർക്ക് ചെയ്യാൻ കഴിയുമെന്നും, താൻ കണ്ടിട്ടുള്ള മികച്ച അഭിനേതാക്കളുടെ പ്രധാന പ്രത്യേകതകളിലൊന്ന് അവരുടെ ക്യൂരിയോസിറ്റിയാണെന്നും വിനയ് പറഞ്ഞു.

‘പാർവതി ഭയങ്കര റിസപ്റ്റീവായിട്ടുള്ള ആളാണ്. പാർവതി ഒരിക്കലും ഒരു ബാഗേജുള്ള ആക്ടറായി എനിക്ക് തോന്നിയിട്ടില്ല. നമുക്ക് ഭയങ്കര കംഫർട്ടബിളായി അവരുടെ കൂടെ വർക്ക് ചെയ്യാം. നമ്മൾ വരുന്നതിനും മുന്നേ തന്നെ പാർവതി സിനിമയിൽ ഒരു സ്റ്റാറാണ്,’ വിനയ് പറഞ്ഞു.

താൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പാർവതി നിരന്തരം ചോദിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താത്പര്യം കാണിക്കുകയും ചെയ്യാറുണ്ടെന്നും വിനയ് പറയുന്നു. തന്നെ പോലെയുള്ള ഒരാളോട് പോലും ഒരു കാര്യം എങ്ങനെയാണ് ചെയ്തതെന്ന് ചോദിക്കാൻ പാർവതി മടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മളിപ്പോൾ ഒരു സാധനം ചെയ്തുകഴിഞ്ഞാൽ, ‘എങ്ങനെയാ വിനയ് ഇത് ചെയ്യുന്നത്?’ എന്നൊക്കെ വന്ന് ചോദിക്കും. എന്തെങ്കിലും ഒരു ഇന്ററസ്റ്റിങ് പരിപാടി തോന്നിക്കഴിഞ്ഞാൽ എങ്ങനെ ചെയ്തു എന്നൊക്കെ ചോദിക്കും. പാർവതിക്ക് എന്നെപ്പോലെയുള്ള ഒരാളോട് അങ്ങനെ ചോദിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ അവരത് ചോദിക്കും,’ വിനയ് പറഞ്ഞു.

മികച്ച അഭിനേതാക്കളുടെ ഒരു പ്രത്യേകതയായി താൻ കാണുന്നത് ഈ കൗതുകത്തെയാണെന്നും വിനയ് കൂട്ടിച്ചേർത്തു. മറ്റുള്ളവരെ മുൻവിധിയോടെ വിലയിരുത്താതെ അവരിൽ നിന്ന് എന്തെങ്കിലും പഠിക്കാനും കണ്ടെത്താനും ശ്രമിക്കുന്ന സ്വഭാവമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ കണ്ടിട്ടുള്ള ഗംഭീര ആക്ടേഴ്സിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ അവർ എപ്പോഴും ക്യൂരിയസായിരിക്കും. എവിടെ നിന്ന് എന്ത് കിട്ടും എന്ന് പറയുന്ന ഒരു സാധനമുണ്ടല്ലോ അവർ അത് എപ്പോഴും നോക്കികൊണ്ടേയിരിക്കും. നമ്മൾ ഭയങ്കര ജഡ്ജ്മെന്റോടെ മനുഷ്യരെ നോക്കിക്കാണുന്ന ഒരു പരിപാടിയുണ്ട്, അങ്ങനെയുള്ള ഒരു വ്യക്തിയല്ല പാർവതി,’ വിനയ് പറഞ്ഞു.

വളരെ ചില്ലായും എല്ലാവരെയും ഉൾപ്പെടുത്തുന്ന രീതിയിലും പെരുമാറുന്ന വ്യക്തിയാണ് പാർവതിയെന്നും മറ്റുള്ളവരിലെ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ അഭിനന്ദിക്കുന്ന സ്വഭാവം അവർക്കുണ്ടെന്നും വിനയ് പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

‘അവർ ഭയങ്കര പ്യുവർ സോൾ ആണ്. ഭയങ്കര ചിൽഡാണ് ആൾ. ഭയങ്കരമായി ഇക്വാളിറ്റിയിൽ വിശ്വസിക്കുന്നവരാണ്. എല്ലാവരെയും ഉൾപ്പെടുത്തുകായും ആരുടെയെങ്കിലും ഒരു ക്വാളിറ്റി കണ്ടുകഴിഞ്ഞാൽ അവർ അത് അപ്രിഷ്യേറ്റ് ചെയ്യുകയും ചെയ്യും. അവരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ തുടക്കം മുതൽ അവസാനം വരെ ഒരു ത്രൂഔട്ട് ഗംഭീര പരിപാടി ചെയ്യണം എന്ന് വിചാരിക്കും. അങ്ങനെയുള്ള നല്ല വ്യക്തിത്വമുള്ള ഒരു സ്ത്രീയാണ് പാർവതി,’ വിനയ് പറഞ്ഞു.

Content Highlight: Actor Vinay Fortt Talks about Parvathy thiruvothu