സിനിമാ ലോകത്തെയാകെ ഞെട്ടിച്ച വിജയമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ദൃശ്യം 3യ്ക്ക് പ്രേക്ഷകര്‍ സമ്മാനിച്ചിരുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നിട്ട് കൂടി 240 കോടിയോളമാണ് ഇതിനോടകം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ദൃശ്യം 3 സ്വന്താമാക്കിയിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും ദൃശ്യം 3 മാറിയിരുന്നു.
ആദ്യ രണ്ട് ഭാഗങ്ങളെ പോലെ തന്നെ ഏറെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു ദൃശ്യം 3യും തിയേറ്ററുകളിലേക്കെത്തിയത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ സഹദേവന്‍ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ ഷാജോണ്‍ മൂന്നാം ഭാഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം കാണാനെത്തിയവര്‍ക്ക് സര്‍പ്രൈസായിക്കൊണ്ടായിരുന്നു കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ചത്.
താന്‍ ചിത്രത്തിലില്ലെന്നായിരുന്നു റിലീസിന് മുമ്പ് ഷാജോണ്‍ മാധ്യമങ്ങളോടും പ്രേക്ഷകരോടും പറഞ്ഞിരുന്നത്. അതീവ ശ്രദ്ധയോടെ വിവിരം പുറത്തുവിടാതെയാണ് ഷാജോണിന്റെ സീനുകള്‍ സംവിധായകന്‍ ഷൂട്ട് ചെയ്തിരുന്നത്. ഇതിനെ കുറിച്ച് പറഞ്ഞ അഭിനേത്രി രഞ്ജിനി ജോര്‍ജിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ഡോ.രഞ്ജിനി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.
‘ചിത്രത്തില്‍ ഒരുപാട് ട്വിസ്റ്റുകള്‍ എല്ലാം ഉണ്ടായിരുന്നത് കൊണ്ട് സ്‌ക്രിപ്‌റ്റൊന്നും നമ്മുടെ കൈയില്‍ തന്നിരുന്നില്ല. അസോസിയേറ്റ്‌സ് തന്നെ നമ്മുടെ അടുത്ത് വന്നിരുന്ന് വായിച്ച് തരുകയാണ് ചെയ്യാറുള്ളത്. നമ്മള്‍ ചെയ്യുന്ന സീനിന് ശേഷവും മുമ്പുലുമുള്ള ഭാഗങ്ങള്‍ ലീക്കാവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. എന്റെ കുഞ്ഞുങ്ങളോട് പോലും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല ചിത്രത്തില്‍ ഷാജോണ്‍ ചേട്ടന്‍ ഉണ്ട് എന്ന കാര്യം.
ഈ പാര്‍ട്ടില്‍ സഹദേവന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഫസ്റ്റ് പാര്‍ട്ടില്‍ പോയി എന്നായിരുന്നു പറഞ്ഞത്. സെറ്റില്‍ അഭിനയിക്കുന്ന പലര്‍ക്കും തന്നെ ചിത്രത്തില്‍ ഷാജോണ്‍ ചേട്ടനുണ്ടെന്ന കാര്യം അറിയില്ലായിരുന്നു. ഷോര്‍ട്‌സും ടീ ഷര്‍ട്ടുമെല്ലാം ഇട്ട്, തൊപ്പിയും കൂളിങ് ഗ്ലാസും അതിനൊപ്പം മാസ്‌കും വെച്ചാണ് ഷാജോണ്‍ ചേട്ടന്‍ സെറ്റില്‍ വന്നിരുന്നത്. ലോകത്താര്‍ക്കും അത് ഷാജോണ്‍ ചേട്ടനാണെന്ന് പറയാന്‍ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആ സര്‍പ്രൈസ് പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്തത്,’ രഞ്ജിനി പറഞ്ഞു.
Content Highlight: Actor Ranjini George talks about precautions taken to avoid to leak the news of Shajon’s character in Drishyam 3
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.