മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലനായി എത്തുന്നെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രത്തിലാണ് വില്ലനായി മമ്മൂട്ടിയെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വില്ലനായി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. ‘സെയ്‌രാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കന്നഡ താരം ഉപേന്ദ്രയെയായിരുന്നു ചിത്രത്തില്‍ ആദ്യം വില്ലനായി പരിഗണിച്ചിരുന്നത്. പിന്നീട് മമ്മൂട്ടിയിലേക്ക് എത്തുകയായിരുന്നെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. ജൂലായ് 12 ന് ചിത്രീകരണം അരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും. അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ഫ്രാഞ്ചൈസിയായ ബോര്‍ണാണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എജന്റ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. 2019 ല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്ര എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

അതേസമയം മലയാളത്തില്‍ മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം, രതീന സംവിധാനം ചെയ്യുന്ന പുഴു, സി.ബി.ഐ. 5, അമീര്‍ എന്നീ ചിത്രങ്ങളാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Actor Mammootty to play as villain; Filming is next month