സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം തന്റെ ഉമ്മയോട് മാത്രമാണ് പറഞ്ഞിരുന്നതെന്ന് നടന്‍ ലുക്മാന്‍ അവറാന്‍. എന്‍ജിനിയറിങ് കഴിഞ്ഞ് താന്‍ ട്രെയിനിയായി ജോലി ചെയ്യുകയാണെന്നാണ് വീട്ടിലെ ബാക്കിയുള്ളവര്‍ കരുതിയതെന്നും ലുക്മാന്‍ പറഞ്ഞു.

എല്ലാ പിന്തുണയും തന്നത് ഉമ്മയാണെന്നും സിനിമയിലെ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഉമ്മയാണെന്നും ലുക്മാന്‍ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലുക്മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമാ സ്വപ്നം എന്ന കാര്യം ആകെ ഉമ്മയോട് മാത്രമാണ് പറഞ്ഞത്. വീട്ടില്‍ വേറെയാരോടും അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല. എന്‍ജിനിയറിങ് കഴിഞ്ഞ് ട്രെയിനിയായി ജോലി ചെയ്യുന്ന ശമ്പളമാണ് വീട്ടില്‍ തരുന്നതെന്നാണ് പറഞ്ഞിരുന്നത്.

ചില മാസങ്ങളില്‍ വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാന്‍ പറ്റില്ല. അപ്പോള്‍ ഉമ്മ സ്വര്‍ണം വല്ലതും പണയം വെച്ച് അത് കൊടുക്കും. അടുത്ത പ്രാവശ്യം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്ന് പറയും.

ഉമ്മ ശരിക്കും എന്റെ കൂടെ നിന്നിരുന്നു. ഇതും കൂടി നോക്ക്, ഇല്ലെങ്കില്‍ ഗള്‍ഫിലേക്ക് പോകാന്‍ പറയും. ആ ഉമ്മ ആദ്യമായി തിയേറ്ററില്‍ വന്ന് ഉണ്ടയും തല്ലുമാലയും ഓപ്പറേഷന്‍ ജാവയും കണ്ടു.

ഉമ്മക്ക് വലിയ സന്തോഷമായി. ഞാനൊക്കെ എത്ര വേദനിച്ചിട്ടുണ്ടെന്ന് അറിയോന്ന് ചോദിക്കും. എന്റെ സിനിമാ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ ഉമ്മയായിരിക്കും,” ലുക്മാന്‍ അവറാന്‍ പറഞ്ഞു.

content highlight: actor lukman about his mother