തന്മാത്ര ഇറങ്ങിയതിനുശേഷം എനിക്ക് വന്ന ആദ്യത്തെ ഫോണ്‍കോളിലൊന്ന് ഭാവനയുടെതായിരുന്നു: അര്‍ജുന്‍ ലാല്‍
Malayalam Cinema
തന്മാത്ര ഇറങ്ങിയതിനുശേഷം എനിക്ക് വന്ന ആദ്യത്തെ ഫോണ്‍കോളിലൊന്ന് ഭാവനയുടെതായിരുന്നു: അര്‍ജുന്‍ ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 5th February 2026, 8:47 am

ബ്ലെസിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് ചിത്രങ്ങളിലൊന്നാണ് തന്മാത്ര. രമേശന്‍ എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന് അള്‍ഷിമേസ് രോഗം പിടിപ്പെടുന്നതും തുടര്‍ന്ന് രമേശന്റെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കുന്ന മാറ്റങ്ങളെയും പശ്ചാത്തലമാക്കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. തന്മാത്രയിലൂടെ മോഹന്‍ലാലിന്റെ മകനായി അഭിനയജീവിതത്തില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവായിരുന്നു അര്‍ജുന്‍ ലാല്‍.

അര്‍ജുന്‍ ലാല്‍ അഭിമുഖത്തിനിടെ.Photo: screen grab/cue studio/ Youtube.com

ഭാവനയും റഹ്‌മാനും കേന്ദ്രകഥാപാത്രമായെത്തുന്ന അനോമിയാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അനോമിയുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ഭാവനയുമായി പരിചയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്മാത്രയില്‍ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചതിന് ശേഷം തനിക്ക് ആദ്യം ലഭിച്ച ഫോണ്‍കോളുകളിലൊന്ന് ഭാവനയുടെതായിരുന്നു എന്ന് അര്‍ജുന്‍ പറയുന്നു. താനന്ന് ദുബൈയില്‍ ആയിരുന്നുവെന്നും അന്ന് തന്റെ നമ്പര്‍ കണ്ടുപിടിച്ച് ഭാവന വിളിച്ചത് ഞെട്ടിച്ചെന്നും അദ്ദേഹം പറയുന്നു. ഭാവനക്കൊപ്പം ഇരുന്ന് ഒരു അഭിമുഖമെല്ലാം നല്‍കിയ ഓര്‍മ തനിക്കുണ്ടെന്നും ആ സമയങ്ങളില്‍ തനിക്ക് ഭാവനയുമായി അടുപ്പമുണ്ടായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. അന്നത്തെ ആ അനുഭവത്തിനുശേഷം പിന്നീട് ഇപ്പോഴാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2005 ലെ കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ്‌സില്‍ മികച്ച ചിത്രം, മികച്ച നടന്‍ (മോഹന്‍ലാല്‍), മികച്ച തിരക്കഥ (ബ്ലെസി), മികച്ച സംവിധായകന്‍ തുടങ്ങി അഞ്ചോളം പുരസ്‌കാരങ്ങളാണ് തന്മാത്ര സ്വന്തമാക്കിയത്. ഇതിന് പുറമെ രമേശന്‍ എന്ന കഥാപാത്രത്തിന്റെ മകനായ മനുവായി വേഷമിട്ട അര്‍ജുന്‍ ലാലിന് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

Anomie. Photo: T series Malayalam

തന്മാത്രയിലൂടെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ അര്‍ജുന്‍ സിനിമാരംഗത്ത് നിന്നും വിട്ട് നിന്നിരുന്നു. ഇടക്കാലത്ത് ചെറിയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും 2022 ല്‍ പുറത്തിറങ്ങിയ ടൊവിനോ നായകനായ ഡിയര്‍ ഫ്രണ്ട്, 2024 ല്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങളിലൂടെയാണ് അര്‍ജുന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്.

റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ അനോമി, റീ ഇന്‍ഡ്രൊഡ്യൂസിങ് ഭാവന എന്ന ടാഗ് ലൈനോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 6ന് റിലീസാകുന്ന ചിത്രത്തില്‍ അര്‍ജുന്‍ ലാലിന് പുറമെ റഹ്‌മാന്‍, ഷെബിന്‍ ബെന്‍സണ്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Actor Arjun lal talks about how he first met actress Bhavana

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.