സിനിമക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി അഹാന കൃഷ്ണ. സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്ളോഗ് ചെയ്യുന്നതിനൊപ്പം തന്നെ ഇന്‍സ്റ്റഗ്രാമിലും താരം സജീവമാണ്.
അത്തരത്തില്‍ ഒരു വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ തെന്നിവീഴുന്ന ദൃശ്യങ്ങളാണ് താരം ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘മി, മൈസെല്‍ഫ് ആന്റ് ഐ’ എന്ന വെബ് സീരിസിന്റെ ആറാം എപ്പിസോഡ് ചിത്രീകരണത്തിനിടെയാണ് അപ്രതീക്ഷിതമായി അഹാന തെന്നിവീണത്.
നടന്നുവരുന്നതിനിടെ അഹാന ധരിച്ചിരുന്ന നീളന്‍ സ്കര്‍ട്ടില്‍ ചവിട്ടി വീഴുകയായിരുന്നു. എന്നാല്‍ സ്കര്‍ട്ടിന് പല തട്ടുള്ളതിനാല് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു താരം. അണിയറപ്രവര്‍ത്തകര്‍ ഓടി വരുന്നതും ‘എനിക്കൊന്നും പറ്റിയില്ല’ എന്ന് അഹാന പറയുന്നതെല്ലാം താരം പങ്കുവെച്ച വീഡിയോയില്‍ കാണാം.
വീഴുന്ന സമയത്ത് അഹാനയുടെ കൈയില്‍ സംവിധായകനായ അഭിലാഷ് സുധീഷിന്റെ ഐ ഫോണ്‍ 13 പ്രോ മാക്സ് ഫോണുമുണ്ടായിരുന്നു. ഫോണിന് കുഴപ്പമൊന്നും പറ്റിയില്ലെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഹാന കുറിച്ചിട്ടുണ്ട്.
‘മിനുസമെന്ന് പറഞ്ഞാല്‍ വെണ്ണ പോലെയാണ്. ഞാന്‍ സ്ഥിരമായി വീഴാറില്ല. പക്ഷേ എങ്ങാനും വീഴുകയാണെങ്കില്‍ അതൊരു ഇതിഹാസം പോലെയായിരിക്കും. ‘മീ മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന സീരിസിന്റെ ആറാമത്തെ എപ്പിസോഡിന്റെ ചിത്രീകരണത്തിനിടയിലാണ് ഇതുണ്ടാവുന്നത്. ഞാനെന്റെ പാവാടയില്‍ കുടുങ്ങി രാജകീയമായി തന്നെ താഴെ വീണു.’ എന്നാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ ഈ വെബ് സീരീസ് ഒരുങ്ങുന്നത്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന കഥയാണ് വെബ് സീരിസില്‍ പറയുന്നത്.
അതേസമയം, താരം പങ്കുവെച്ച വീഡിയോക്ക് പ്രതികരണങ്ങളുമായി പോസ്റ്റിന് താഴെ പലരും എത്തി. ഈ വീഴ്ചയിലൂടെ എന്റെ സ്കൂള്‍ കാലം നീ ഓര്‍മിപ്പിച്ചുവെന്നാണ് മാമാങ്കം നായിക പ്രാചി തെഹ്ലന്‍ പറഞ്ഞത്. ചിരിക്കുന്ന സ്മൈലിയുമായിട്ടാണ് അഹാനയുടെ ഇളയ സഹോദരി ഇഷാനി എത്തിയത്. നല്ല അനിയത്തിയാണല്ലോ എന്ന് തുടങ്ങിയ കമന്റുകളാണ് ഇഷാനിയുടെ കമന്റിന് പ്രതികരണങ്ങള്‍ ലഭിച്ചത്. ഇത് മാത്രമല്ല നിരവധി പേരാണ് അഹാനയുടെ സുഖവിവരം അന്വേഷിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും കമന്റുകളുമായി എത്തുന്നത്.
View this post on Instagram
Content Highlight: Actor Ahana Krishna Slipped on the floor while shooting
