[share]

[]തൃശൂര്‍: തൃശൂര്‍ സംഗീത നാടക അക്കാദമിക്ക് മുന്നില്‍ വെച്ച് സ്ത്രീകളേയും കുട്ടികളേയും മര്‍ദ്ദിക്കുകയും കള്ളകേസെടുക്കുകയും ചെയ്ത തൃശൂര്‍ ഈസ്റ്റ് എസ് ഐ ലാല്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വിഷയം അന്വേഷിക്കാന്‍ ചെന്ന അഡ്വക്കേറ്റ് ആശയേയും മക്കളേയും എസ്.ഐ ലാല്‍കുമാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഇയാളെ അടിയന്തിരമായി സസ്‌പെന്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സാഹിത്യ അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് മാര്‍ച്ച് 1 ന് കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

മുന്‍ എം എല്‍ എ രാജാജി മാത്യു തോമസ് ചെയര്‍മാനായും പിയുസിഎല്‍ ജില്ലാ പ്രസിഡന്റ് ടി. കെ വാസു, വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി ലില്ലി തോമസ് എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള ആക്ഷന്‍ കൗണ്‍സിലിന് യോഗം രൂപം നല്‍കി.

കവി രാവുണ്ണി, പി.യു.സി.എല്‍. സംസ്ഥാന പ്രസിഡന്റ് അഡ്വ പി. എ. പൗരന്‍, യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എം. സതീശന്‍, ജോയ് കൈതാരത്ത്, പിടിഎം  ഹുസൈന്‍ (എന്‍എപിഎം), കെ ശക്തിധരന്‍ (യുക്തിവാദിസംഘം), മിര്‍സാദ് റഹ്മാന്‍ (സോളിഡാരിറ്റി),

സംവിധായകരായ കെ.പി ശശി, സജീവന്‍ അന്തിക്കാട്, എ. വി ശശിധരന്‍, ജേക്കബ്ബ് പുതുശ്ശേരി (ഹ്യൂമണിസ്റ്റ് മൂവ്‌മെന്റ്), അജിതന്‍ സി. എ (പോരാട്ടം), ടികെ നവീനചന്ദ്രന്‍ (നേര്‍വഴി), ഷാഹിദ ഹഷ്മി (ജി.ഐ.ഒ), ഫാ ബെന്നി ബെനിഡിക്ട്, ജിഷ എം, ദീപ (സഹയാത്രിക),

പൂനം റഹിം, റംസീന (യൂത്ത് ഡയലോഗ്), കെ.ഇ.കെ. സതീഷ്, പി രണ്‍ജിത്,  പ്രേം പ്രസാദ് (ജനനയന), ഐ ഗോപിനാഥ്, ശരത് ചേലൂര്‍, അഡ്വ ലിന്റോണ്‍സ്, അഡ്വ ധന്യ, അഡ്വ. മേരി ആന്റണി തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു.

സംഭവത്തെ കുറിച്ച് സംസ്ഥാനതലത്തില്‍ മനുഷ്യാവകാശ സ്ത്രീ പ്രവര്‍ത്തകരുടെ സംഘം അന്വേഷിക്കുമെന്ന് അഡ്വ പി.എ പൗരന്‍ അറിയിച്ചു. സംഭവത്തില്‍ മര്‍ദ്ദനമേറ്റവരുടെ ചികിത്സാസഹായത്തിനും നിയമസഹായത്തിനുമായി ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രമേയത്തിന്റെ പൂര്‍ണരൂപം

തൃശൂരില്‍ കഴിഞ്ഞ ശനിയാഴ്ച (22.02.14) രാത്രി പത്തുമണിയോടെ സംഗീത നാടക അക്കാദമിയുടെ മുന്നില്‍ ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന ചലച്ചിത്ര വിദ്യാര്‍ത്ഥികളും വിബ്ജിയിയോര്‍ പ്രവര്‍ത്തകരുമായ നാല് യുവാക്കളെയും നീതു എന്ന സിനിമാറ്റോഗ്രാഫറായ പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും പൊതുസ്ഥലത്ത് മദ്യപിച്ചുവെന്നും പോലീസിനെ ആക്രമിച്ചുവെന്നുമുള്ള കള്ളകേസുകള്‍ എടുക്കുകയും ചെയ്ത പോലീസ് നടപടിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങുന്ന ഈ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

പോലീസ് യുവാക്കളെ ഉപദ്രവിച്ചുകൊണ്ടിരിക്കെ സംഭവം അറിഞ്ഞ് സ്ഥലത്തെത്തുകയും പ്രശ്‌നത്തില്‍ ഇടപെടുവാന്‍ ശ്രമിക്കുകയും ചെയ്ത അഡ്വക്കെറ്റ് ആശയെയും മകനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും മകനെതിരെ കേസെടുക്കുകയും ചെയ്ത തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെയും അതിന് നേതൃത്വം നല്‍കിയ എസ്.ഐ. ലാല്‍കുമാറിനെതിരെയും നിയമനടപടികള്‍ സ്വീകരിക്കണം എന്ന് യോഗം ആവശ്യപ്പെടുന്നു.

യുവാക്കളെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും നീതുവിനെ ലൈംഗികമായിപോലും അധിക്ഷേപിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപോലും ദേഹോപദ്രവം ഏല്‍പിക്കുകയും തന്റെ ജോലി ചെയ്യാന്‍പോലും അനുവദിക്കാതെ അഡ്വക്കെറ്റ് ആശയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും നിലത്തിട്ടു വലിക്കുകയും ചെയ്ത പോലീസുകാരുടെ ക്രൂരതയ്‌ക്കെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മര്‍ദ്ദനത്തിന് അഡ്വക്കേറ്റ് ആശയ്ക്കും നീതുവിനും ആശയുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും സാരമായ പരിക്കുകള്‍ പറ്റുകയും മൂന്ന് യുവാക്കളുടെ എല്ലുകള്‍ പൊട്ടിയിട്ടുമുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‌കേണ്ട പോലീസ് അവരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി അന്യായമായി മണിക്കൂറുകളോളം കസ്റ്റഡിയില്‍ വയ്ക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ലൈംഗികമായിപോലും അവരെ അധിഷേപിക്കുകയും ചെയ്യുന്നതിനെ കേരള സമൂഹം ശക്തമായി പ്രതികരിക്കണം എന്നും കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളാന്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടണം എന്നും യോഗം അഭ്യര്‍ത്ഥിക്കുന്നു.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയും വിബ്ജിയോറിനെതിരെയും കാലാകാലങ്ങളായി പോലീസ് നടത്തുന്ന ആക്രമണം അവസാനിപ്പിച്ച് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണം എന്നും യോഗം ആവശ്യപ്പെടുന്നു.

രാജാജി മാത്യു തോമസ്  ചെയര്‍മാന്‍, ടി കെ വാസു, ലില്ലി തോമസ്  കണ്‍വീനര്‍മാര്‍