'മോനേ ഹാഷി.... ഒന്നിങ്ങോട്ട് വന്നേ....' ; വാഴയിലെ അച്ഛന്മാർക്കൊപ്പം കട്ടയ്ക്ക് നിന്ന 'അമ്മ'
Malayalam Cinema
'മോനേ ഹാഷി.... ഒന്നിങ്ങോട്ട് വന്നേ....' ; വാഴയിലെ അച്ഛന്മാർക്കൊപ്പം കട്ടയ്ക്ക് നിന്ന 'അമ്മ'
നന്ദന എം.സി
Sunday, 5th April 2026, 7:19 pm

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സവിൻ സ സംവിധാനം ചെയ്ത ‘വാഴ 2’ തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

ഒരു കൂട്ടം യുവാക്കളുടെയും അവരുടെ ജീവിതത്തിന്റെയും കഥ പറയുന്ന ചിത്രം, സാധാരണ കോമഡി ചിത്രമെന്ന പ്രതീക്ഷയോടെ എത്തിയ പ്രേക്ഷകരുടെ ധാരണകളെ മാറ്റിമറിക്കുന്ന അവതരണമാണ് നൽകിയത്

വാഴ 2, Photo: IMDb

കോമഡി, ഇമോഷൻസ്, സൗഹൃദം, പ്രണയം, സഹോദരബന്ധം തുടങ്ങി എല്ലാ വികാരങ്ങളും സമന്വയിപ്പിച്ചൊരു അനുഭവമായാണ് ചിത്രം മാറിയത്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോൾ, ബിജുക്കുട്ടനും സുധീഷും പോലുള്ള പരിചിത മുഖങ്ങളും ചിത്രത്തിൽ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തി.

‘വാഴ’യുടെ ആദ്യഭാഗത്തിൽ അച്ഛൻ-മകൻ ബന്ധം പ്രമേയമായിരുന്നെങ്കിൽ, രണ്ടാം ഭാഗം സഹോദരബന്ധത്തിന്റെ ആഴങ്ങളെയാണ് കൂടുതൽ കാണിക്കുന്നത്.

എന്നാൽ ഈ താരനിരയ്ക്കൊപ്പം പ്രേക്ഷക ശ്രദ്ധ നേടിയിട്ടും അർഹിച്ച രീതിയിൽ പ്രശംസിക്കപ്പെടാതെ പോയ ഒരു പ്രകടനമാണ് അശ്വതി ചന്ദ് കിഷോറിന്റേത്.

അശ്വതി ചന്ദ് കിഷോർ, Photo: YouTube/ Screengrab

ഹാഷിറിന്റെ ഉമ്മയായി എത്തിയ ആശ്വതി, ചിത്രത്തിന്റെ ഇമോഷൻസ് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു കഥാപാത്രമായി മാറുന്നു. ടെലിവിഷൻ കോമഡി പരിപാടികളിലൂടെ സുപരിചിതയായ അശ്വതി, ഈ ചിത്രത്തിൽ അതീവ ഗൗരവമുള്ള ഒരു അമ്മയുടെ വേഷത്തിൽ തികച്ചും വ്യത്യസ്തമായ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഭർത്താവിനെ നഷ്ടപ്പെട്ട ശേഷം തന്റെ മക്കളെ വളർത്തി വലുതാക്കുന്ന ഒരു സാധാരണ അമ്മയുടെ ജീവിതസംഘർഷങ്ങളാണ് ഈ കഥാപാത്രത്തിലൂടെ അശ്വതി അവതരിപ്പിക്കുന്നത്.

അശ്വതി ചന്ദ് കിഷോർ, Photo: Aswathy Chand Kishor/ Facebook

മക്കൾ കാരണത്താൽ സന്തോഷവും വേദനയും ഒരുപോലെ അനുഭവിക്കുന്ന സ്ത്രീയെ വളരെ സ്വാഭാവികമായി അശ്വതി അവതരിപ്പിക്കുന്നു. പ്രത്യേകിച്ച് ‘ഹാഷി… ഒന്നിങ്ങോട്ട് വന്നേ…’ എന്ന ഓരോ വിളിയും പ്രേക്ഷകരുടെ ഹൃദയത്തെ തൊടുന്നതും അവരുടെ അമ്മമാരുടെ ഓർമകളുമാണ് സമ്മാനിച്ചത്.

കോമഡി വേദികളിൽ കാണപ്പെട്ട ആശ്വതിയിൽ നിന്നും പൂർണമായും വ്യത്യസ്തമായ ഒരു പ്രകടനമാണ് ‘വാഴ 2 ‘ൽ അശ്വതി കാഴ്ച വെച്ചത്. ചിത്രത്തിലെ എല്ലാ താരങ്ങൾക്കൊപ്പവും ഒരു പക്ഷെ അതിനേക്കാൾ പ്രേക്ഷകർക്ക് കണക്ട് ആകുന്ന പ്രകടനമായിരുന്നു താരത്തിന്റേത്.

Content Highlight: About Aswathy’s performance in the movie Vazha 2

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.