ആരെയും എക്‌സ്‌പോസ് ചെയ്യാന്‍ വേണ്ടി എടുത്ത ചിത്രമല്ല, അതിന് എനിക്ക് ഒരു പോസ്റ്റിട്ടാല്‍ മതിയായിരുന്നു: അഭിനവ് സുന്ദര്‍ നായക്
Malayalam Cinema
ആരെയും എക്‌സ്‌പോസ് ചെയ്യാന്‍ വേണ്ടി എടുത്ത ചിത്രമല്ല, അതിന് എനിക്ക് ഒരു പോസ്റ്റിട്ടാല്‍ മതിയായിരുന്നു: അഭിനവ് സുന്ദര്‍ നായക്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 28th July 2026, 8:17 am

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒ.ടി.ടി റിലീസിന് ശേഷം ഏറെ ചര്‍ച്ചയായ ചിത്രമാണ് അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്‌ലെന്‍ കേന്ദ്രകഥാപാത്രമായി വേഷമിട്ട മോളിവുഡ് ടൈംസ്. ലോകം അറിയപ്പെടുന്ന ഒരു സിനിമാക്കാരനാകാന്‍ അതിയായി ആഗ്രഹിക്കുന്ന വിനീത് മാധവന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ചിത്രം മുകുന്ദനുണ്ണിയ്ക്ക് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയിലായിരുന്നു പുറത്തിറങ്ങിയത്.

ഒരു സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന വിനീത് മാധവന് മലയാള സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രതിസന്ധികളും പശ്ചാത്തലമാക്കിയായിരുന്നു അഭിനവ് ചിത്രം ഒരുക്കിയത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ പല ക്യാരക്ടേഴ്‌സിനും മലയാള സിനിമയിലെ പലരുമായും സാമ്യതയുണ്ടെന്ന തരത്തില്‍ പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മോളിവുഡ് ടൈംസ് അഭിനവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണെന്നും ചിത്രത്തിലെ നായകന്‍ അഭിനവ് തന്നെയാണെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സംവിധായകനും നസ്‌ലെനും പറഞ്ഞ കാര്യങ്ങളും ഇതിനെ സാധൂകരിക്കുന്നതായിരുന്നു.

Photo: X.com

റിലീസിന് ശേഷം പല തിയറികളായിരുന്നു ചിത്രവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയത്. ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച അര്‍ജുന്‍ ഹരിദാസ് എന്ന കഥാപാത്രം ബേസില്‍ ജോസഫും വിനീത് ശ്രീനിവാസനും ആണെന്നടക്കം പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. വിഷയത്തില്‍ ഒരിക്കല്‍ കൂടെ വ്യക്തതയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അഭിനവ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരത്തിന്റെ പ്രതികരണം.

‘ചിത്രത്തിലെ കഥാപാത്രങ്ങള്‍ ആരെല്ലാമാണ് എന്ന് കണ്ടുപിടിക്കുന്നതിന് പകരം ഞാന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് എല്ലാവരും ചര്‍ച്ച ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. മോളിവുഡ് ടൈംസ് ഒരു ഫിക്ഷന്‍ മാത്രമാണെന്നും അതിലെ കഥാപാത്രങ്ങള്‍ ഞാനും തിരക്കഥാകൃത്ത് രാമുവും ജീവിതത്തില്‍ കണ്ടുമുട്ടിയവരുടെ സംയോജനം മാത്രമാണെന്നും പല അഭിമുഖങ്ങളിലും ഞാന്‍ ഇതിനോടകം പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും ഞാന്‍ എന്റെ ജീവിതാനുഭവങ്ങള്‍ ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവ ഫിക്ഷനുമായി കൂട്ടിച്ചേര്‍ത്ത് പ്രക്ഷകര്‍ക്ക് ഒരു കണ്‍ക്ലൂഷനിലെത്തി ചേരാന്‍ സാധിക്കുന്ന വിധത്തിലല്ല ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോളിവുഡ് ടൈംസ്. Photo: X.com

ആരെയെങ്കിലും എക്‌സ്‌പോസ് ചെയ്യാനായിരുന്നു എന്റെ തീരുമാനമെങ്കില്‍ സിനിമയെടുക്കുന്നതിന് പകരം ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് ഒരു പോസ്റ്റിട്ടാല്‍ മതിയായിരുന്നു. ചില അസുഖകരമായ സത്യങ്ങളെ കുറിച്ച് പറയുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഒ.ടി.ടി റിലീസിന് ശേഷം വലിയ ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരു അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുന്നു,’ അഭിനവ് പറഞ്ഞു.

 

Content Highlight: Abhinav Sunder Nayak talks about theories in Mollywood Times

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.