ടീമിന്റെ ബാലന്‍സാണ് ഗംഭീര്‍ നോക്കുന്നതെങ്കില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ വരും: ഡി വില്ലിയേഴ്‌സ്
Sports News
ടീമിന്റെ ബാലന്‍സാണ് ഗംഭീര്‍ നോക്കുന്നതെങ്കില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ വരും: ഡി വില്ലിയേഴ്‌സ്
ആദർശ് എം.കെ.
Thursday, 13th August 2026, 9:02 am

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്കായി ആര് കളിക്കണമെന്നതില്‍ നിര്‍ദേശവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഹോള്‍ ഓഫ് ഫെയ്മറും ഇതിഹാസ താരവുമായ എ. ബി. ഡി വില്ലിയേഴ്‌സ്.

പരിക്കേറ്റ സായ് സുദര്‍ശന് പകരക്കാരനായി ടീമിലെത്തിയ സര്‍ഫറാസ് ഖാനെക്കാള്‍ മലയാളി വേരുകളുള്ള ദേവ്ദത്ത് പടിക്കലിനെയാണ് മൂന്നാം നമ്പറിലേക്ക് ഡി വില്ലിയേഴ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത്.

എ. ബി. ഡി വില്ലിയേഴ്‌സ്.

ഗല്ലെയില്‍ ഓഗസ്റ്റ് 15നാണ് ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

‘മത്സരത്തിന്റെ ഗതി തന്നെ തിരിച്ചുവിടാന്‍ ശേഷിയുള്ള, ആവേശം നല്‍കുന്ന കളിക്കാരനാണ് സര്‍ഫറാസ്. വിചിത്രവും അപ്രതീക്ഷിതവുമായ ദിശകളിലേക്ക് പന്ത് അടിച്ചകറ്റാന്‍ അവന് കഴിയും. അത് എതിര്‍ ടീം ക്യാപ്റ്റന്മാര്‍ക്ക് എപ്പോഴും തലവേദനയാണ്. അതിനാല്‍ ടീമിലെടുക്കുക എന്നത് പരിശീലകന്‍ ഗൗതം ഗംഭീറിന് പ്രയാസകരമായ തീരുമാനമായിരിക്കും.

സര്‍ഫറാസ് ഖാന്‍. Photo: BCCI Domestic/x.com

എന്നാല്‍ ടീമിന്റെ ബാലന്‍സും ഘടനയുമാണ് ഗംഭീര്‍ നോക്കുക എന്ന് ഞാന്‍ കരുതുന്നു. മൂന്നാം നമ്പറില്‍ അറ്റാക്കിങ് പ്ലെയറെയാണോ അതോ ഇന്നിംഗ്‌സിന് സ്ഥിരത നല്‍കുന്ന പടിക്കലിനെയാണോ വേണ്ടത്?

പ്രത്യേകിച്ച് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ഇടത്-വലത് ബാറ്റിങ് കോമ്പിനേഷന്‍ അത്യാവശ്യമാണ്. അതിനാല്‍ സാവകാശം കളി നിയന്ത്രിക്കാനും, ആവശ്യമെങ്കില്‍ അറ്റാക്ക് ചെയ്യാനും കഴിവുള്ള പടിക്കലിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടുന്നു,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com

സാങ്കേതിക തികവും, നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷിയുമുള്ള താരമാണ് പടിക്കല്‍.

ലങ്കന്‍ ടീമിനെതിരായ പരിശീലന മത്സരത്തില്‍ മികച്ച പ്രകടനമാണ് ദേവ്ദത്ത് പടിക്കല്‍ നടത്തിയത്. 168 പന്തില്‍ 18 ഫോറുകളോടെ പുറത്താകാതെ 142 റണ്‍സ് നേടിയ താരം മികച്ച ഫോമിലാണ്.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്.

നിലവില്‍ ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

ഫൈനല്‍ യോഗ്യതയ്ക്കായി ശേഷിക്കുന്ന ഒമ്പത് ടെസ്റ്റുകളില്‍ എട്ടെണ്ണത്തിലെങ്കിലും ഇന്ത്യയ്ക്ക് ജയം അത്യാവശ്യമാണ്.

 

Content Highlight: AB de Villiers on who should bat at number three in the India-Sri Lanka Test.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.