അവന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കണം: ആകാശ് ചോപ്ര
Cricket
അവന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കണം: ആകാശ് ചോപ്ര
സുദേവ് എ
Wednesday, 24th June 2026, 12:44 pm

അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ പഞ്ചാബ് കിങ്‌സ് യുവതാരം സൂര്യാന്‍ഷ് ഷെഡ്‌ജെ ഇടം നേടിയിരുന്നു. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായാണ് സൂര്യാന്‍ഷ് ഷെഡ്‌ജെ ടീമില്‍ ഇടം നേടിയത്. ആദ്യമായാണ് ഷെഡ്‌ജെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാനൊരുങ്ങുന്നത്.

ഇപ്പോള്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ഷെഡ്ജെയെന്നും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്നുമാണ് ചോപ്ര അഭിപ്രായപ്പെട്ടത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സൂര്യാന്‍ഷ് ഷെഡ്‌ജെ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുത്തിട്ടുണ്ട്, അവന്‍ മുംബൈയില്‍ നിന്നാണ് വരുന്നത്. മുംബൈക്ക് വേണ്ടി അവന്‍ മികച്ച പ്രകടനം നടത്തി. പിന്നീട് പഞ്ചാബ് കിങ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തി. ഇപ്പോള്‍ സൂര്യാന്‍ഷ് ഷെഡ്‌ജെ ഇന്ത്യന്‍ എ ടീമിന്റെ ഭാഗവുമായി. അവന്‍ നേടിയ റണ്‍സ് നോക്കിയാല്‍ മികച്ച താരമാണെന്ന് മനസിലാവും. അവന് ടീമില്‍ അവസരം ലഭിക്കണം,’ ആകാശ് ചോപ്ര പറഞ്ഞു.

അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ ടീമിന് വേണ്ടി നടത്തിയ മികവുറ്റ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 147 റണ്‍സാണ് താരം അടിച്ചെടുത്തത്.

2026 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന് വേണ്ടിയും മികച്ച പ്രകടനം നടത്താന്‍ ഷെഡ്‌ജെക്ക് സാധിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്നും 158 റണ്‍സാണ് താരം പഞ്ചാബിനായി നേടിയത്. ഫിനിഷിങ് റോളില്‍ മിന്നി തിളങ്ങാനുള്ള കഴിവാണ് ഷെഡ്‌ജെയെ വ്യത്യസ്തനാക്കുന്നത്.

അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യാന്‍ഷ് ഷെഡ്‌ജെ, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Aakash Chopra talks about Suryansh Shedge

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.