ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന 2026 ടി-20 ലോകകപ്പിന്റെ താരമായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മാറുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയോട് സംസാരിക്കവെയാണ് ആകാശ് ചോപ്ര മോസ്റ്റ് വാല്യുബിള്‍ പ്ലെയറായി ഹര്‍ദിക് പാണ്ഡ്യയെ തെരഞ്ഞെടുത്തത്.
ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com
ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരെ കുറിച്ചും റണ്‍ വേട്ടക്കാരെ കുറിച്ചുമുള്ള ചോദ്യത്തിനും ഇന്ത്യന്‍ താരങ്ങളുടെ പേര് തന്നെയാണ് ആകാശ് ചോപ്ര പറഞ്ഞത്. റണ്‍വേട്ടക്കാരില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പേര് പറഞ്ഞ ആകാശ് ചോപ്ര, വിക്കറ്റ് വേട്ടക്കാരില്‍ വരുണ്‍ ചക്രവര്‍ത്തിയെയും തെരഞ്ഞെടുത്തു.
2026 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്ന ടീം ഓസ്‌ട്രേലിയ ആയിരിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന അസോസിയേറ്റ് രാജ്യം നെതര്‍ലന്‍ഡ്‌സ് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആതിഥേയരായ ഇന്ത്യ തന്നെയായിരിക്കും ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീം എന്നും ചോപ്ര അഭിപ്രായപ്പെട്ടു. 2024ല്‍ ലോകകപ്പ് നേടിയ ടീമിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് ഇപ്പോഴുള്ള ടീം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ടി-20 ഫോര്‍മാറ്റില്‍ മാത്രമാണ് ഒരു ടീമിനെ ഫേവറിറ്റുകളായി മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ സാധിക്കാത്തത്. കാരണം മാര്‍ജിനുകള്‍ അത്രത്തോളം നേര്‍ത്തതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍, 2024ല്‍ കിരീടം നേടിയ ടീമിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണെന്ന് ഇപ്പോഴുള്ള ടീം എന്ന് കാണാം,’ ചോപ്ര പറഞ്ഞു.
2024 ലോകകപ്പ് കിരീടവുമായി. Photo: BCCI/x.com
എന്നാല്‍ ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ലെന്നും ചോപ്ര ചൂണ്ടിക്കാണിച്ചു.
‘ഇത് ഒട്ടും എളുപ്പമല്ല എന്നാണ് ചരിത്രം ചൂണ്ടിക്കാണിക്കുന്നത്. ഒരു ടീമും ഇക്കാലമത്രെയും കിരീടം നിലനിര്‍ത്തിയിട്ടില്ല, ഒരു ടീമും സ്വന്തം മണ്ണില്‍ വിജയിച്ചിട്ടുമില്ല. ഇത് പരിശോധിക്കുമ്പോള്‍ ഹോം അഡ്വാന്റേജ് ഇല്ല എന്ന് മനസിലാകും. എന്നാല്‍ നിങ്ങള്‍ ഓരോ ടീമുകളെയും പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യ തന്നെയാണ് ലോകകപ്പിലെ ഏറ്റവും ശക്തരായ ടീം,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Aakash Chopra says Hardik Pandya will be the MVP of 2026 T20 World Cup