പാലക്കാട്: രാജിക്കൊരുങ്ങി പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി രാജിക്കൊരുങ്ങുന്നത്.

ഗോപിനാഥിന് പിന്തുണയുമായി പഞ്ചായത്ത് ഭരണസമിതിയിലെ പതിനാറ് കോണ്‍ഗ്രസ് അംഗങ്ങളും രാജിവെച്ചേക്കുമെന്നാണ് റിപ്പേര്‍ട്ടുകള്‍. 42 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. ഇതില്‍ 25 വര്‍ഷം എ.വി ഗോപിനാഥായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.

താനുന്നയിച്ച പ്രശ്‌നങ്ങളില്‍ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകണമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസിന്റെ 42 വര്‍ഷത്തെ ഭരണത്തിന്റെ തിരശ്ശീല ഇന്ന് താഴ്ത്തുമെന്നാണ് മെമ്പര്‍മാര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.വി ഗോപിനാഥിനെ ഫോണില്‍ വിളിച്ച് അനുനയ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എ.വി ഗോപിനാഥുമായി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ വൈകിട്ട് നാലുമണിക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് മെമ്പര്‍മാരുടെ യോഗം ചേരുമെന്ന് എ.വി ഗോപിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മത്സരിക്കാനായി ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെ പരസ്യ വിമര്‍ശനവുമായി എ.വി ഗോപിനാഥ് മുന്നോട്ടു വന്നിരുന്നു.

ആലത്തൂര്‍ എം.എല്‍.എ ആയിരുന്ന എ.വി ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്. കഴിഞ്ഞ ദിവസം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവളിയുയര്‍ത്തിയിരുന്നു.

മരിക്കുന്നത് വരെ കോണ്‍ഗ്രസിലുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ അത് നടക്കുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് എ.വി ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നുവരുന്നതിനെതിരെയും അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു.

എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി എന്നെ വിളിക്കുന്നില്ല എന്നും എ.വി ഗോപിനാഥ് ചോദിച്ചിരുന്നു. മെമ്പര്‍ഷിപ്പ് പുതുക്കാന്‍ പോലും അവസരം തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പരിഗണനയുണ്ടാകുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്നും പാര്‍ട്ടി നേതൃത്വം തന്റെ താത്പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. അതിനിടെ ഷാഫി പറമ്പിലിനെ മലമ്പുഴയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A.V Gopinath tightens stands on Shafi Parambil’s Candateship