കോഴിക്കോട്: ശമ്പളസമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് മാനേജ്മെന്റിന് താക്കീതായി. വെള്ളിമാടുകുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകരും ബഹുജനങ്ങളുമടക്കം ആയിരങ്ങൾ അണിനിരന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
ഒന്നും മാനേജ് ചെയ്യാനറിയാത്ത മാധ്യമം മാനേജ്മെന്റ് ജീവനക്കാർക്ക് ജോലി ചെയ്തതിന് ശമ്പളം കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കച്ചകെട്ടിയിറങ്ങിയ മാനേജ്മെന്റാണ് മാധ്യമത്തിന്റേത്. ശമ്പളം കൊടുക്കാതിരിക്കാൻ എന്താണ് മാർഗം എന്ന നിലയിലേക്കാണ് ഈ സ്ഥാപനം പോകുന്നത്. ഒരു പത്രത്തിന്റെ മാനേജ്മെന്റ് നല്ല ബോധമുള്ളവരാണെങ്കിൽ വരുമാനം കൂട്ടാൻ പലവഴികളുണ്ട്.
മറ്റ് പത്രങ്ങൾ നടത്തുന്നത് അങ്ങനെയാണ്. പത്രം നടത്തും പക്ഷേ, ശമ്പളം നൽകില്ല എന്ന സമീപനം ശരിയല്ല. കേരളത്തിൽ അത്യപൂർവമായുണ്ടാകുന്ന തൊഴിൽ തർക്കമാണ് മാധ്യമത്തിലേത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ എല്ലാ വഴികളും തേടിയിട്ടും മാനേജ്മെന്റ് കേട്ടില്ല. ഓണത്തിന് ഭിക്ഷ പോലെ 5000 രൂപ തരാമെന്നാണ് പറഞ്ഞത്. മാനേജ്മെന്റ് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഒരുവിട്ടുവീഴ്ച്ച്ചക്കും തയാറല്ല. ശമ്പളം കൊടുക്കാത്തത് തൊഴിലാളി പ്രസ്ഥാനത്തിന് അംഗീകരിക്കാൻ തയാറല്ല.

മാർച്ചിനെത്തിയ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ
ശമ്പളം കൊടുക്കാത്ത ഒത്തുതീർപ്പിനില്ല. ഈ സമരത്തിന് ഐ.എൻ.ടിയു.സിയുടെ സമ്പൂർണ പിന്തുണയുണ്ട്. ഇത് നീട്ടികൊണ്ടുപോകാൻ പാടില്ല. അളമുട്ടിച്ച് പാമ്പിനെ ഇറക്കുന്നത് പോലെ മറ്റ് മാർഗമില്ലാതെ രാജിവെച്ച് പോകാൻ പറയുന്നത് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമം ജീവനക്കാർ കൂലി കിട്ടാഞ്ഞിട്ടും ജോലി ചെയ്ത് പത്രധർമം മനസിലാക്കുന്നവരാണെന്നും അടിയന്തരാവസ്ഥകാലത്ത് പോലും ഇത്തരമൊരു ഗതികേട് തൊഴിലാളികൾക്ക് രാജ്യത്തുണ്ടായിട്ടില്ലെന്നും സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥ് പറഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷനായിരുന്നു. ‘മാധ്യമം’ സി.ഇ.ഒയേക്കാൾ സ്ഥാപനം നിലനിൽക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. ആ തൊഴിലാളികളോടാണ് ഈ സി.ഇ.ഒ അനീതി ചെയ്യുന്നത്. സി.ഇ.ഒയെ പുറത്താക്കി മാധ്യമത്തെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.കെ നാസർ (എ.ഐ.ടി.യു.സി), എൻ.കെ.സി ബഷീർ (എസ്.ടി.യു), ടോമി മാത്യു (എച്ച്.എം.എസ്), ഒ.കെ സത്യ( സേവ), പി.കെ സന്തോഷ്, സി.എൻ ശിവദാസ് (എച്ച്.എൻ.കെ.പി) കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.
സി.ഐ.ടി.യു ജില്ല പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. ഗവാസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ട് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്ത്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.പി പത്മനാഭൻ, എ.ടി അബ്ദു, ഇ.സി സതീശൻ, സി.പി സദാനന്ദൻ, ഷാജി, ചാലിൽ മൊയ്തീൻ കോയ തുടങ്ങിയവരും നാട്ടുകാരും കേരള പത്രപ്രവർത്തക യൂണിയനിലെയും കെ.എൻ.ഇ.എഫിലെയും അംഗങ്ങളും ബഹുജനമാർച്ചിൽ സംബന്ധിച്ചു.
Content highlight : A report on the march to the headquarters of the ‘Madhyamam’ daily, led by the Joint Trade Union, demanding a settlement of the wage dispute.
