ഇന്ത്യന്‍ സിനിമാ മേഖലയിലെ സമീപകാലത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ കാര്യമായി ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഭൂരിഭാഗം സിനിമാ മേഖലകളും. വമ്പന്‍ കച്ചവടം നടക്കുന്ന തെലുങ്കിലും ബോളിവുഡിലും യാതൊരു വിധ വലിയ റിലീസുകളും ഈ വര്‍ഷത്തിന്റെ ആദ്യ പകുതുയില്‍ നടന്നിരുന്നില്ല. വിജയ് ചിത്രം ജനനായകന്‍ പലവിധ തടസങ്ങളില്‍ പെട്ട് റിലീസ് മാറ്റിവെക്കുകയും ചെയ്തതോടെ കോളിവുഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ആട് 3, വാഴ 2, ദൃശ്യം 3, മോഹിനിയാട്ടം, അതിരടി തുടങ്ങി ശതകോടികളുടെ ബിസിനസിനായിരുന്നു മോളിവുഡ് സാക്ഷ്യം വഹിച്ചത്.

ടോക്‌സിക്ക് . Photo: District

ആദ്യ പകുതിയില്‍ മാത്രം ആയിരം കോടി രൂപയ്ക്കടുത്തായിരുന്നു മോളിവുഡില്‍ നടന്ന ബിസിനസെന്നാണ് സിനിമാ പേജുകള്‍ നല്‍കുന്ന വിവരം. വെറും മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പകരം അഭിനയപ്രാധാന്യമുള്ള, അകക്കാമ്പുള്ള ചിത്രങ്ങളെയാണ് കേരളത്തിലെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ആദ്യപകുതിയിലെ ഈ ക്വാളിറ്റി വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകരുള്ളത്.

വരാനിരിക്കുന്ന ആഗസ്റ്റില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന ഏഴോളം ചിത്രങ്ങളാണ് കേരള ബോക്‌സ് ഓഫീസില്‍ റിലീസിനൊരുങ്ങുന്നത്. ഇതില്‍ ഏവരും ആകാംക്ഷയോടെ ഇരിക്കുന്നത് ഓണത്തിന് ക്ലാഷായെത്തുന്ന പൃഥ്വിരാജിന്റെ ഖലീഫയും നിവിന്റെ ബത്‌ലഹേം കുടുംബ യൂണിറ്റും ദുല്‍ഖറിന്റെ ഐ ആം ഗെയിമും കാണാനായാണ്. മൂന്ന് ചിത്രങ്ങള്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബോക്‌സ് ഓഫീസില്‍ തീ പാറുമെന്നുറപ്പാണ്.

എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് പുറമെ സൂര്യയും മമിതയും പ്രധാനവേഷത്തിലെത്തുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് ആണ് കേരളത്തിലെ തിയേറ്ററുകളില്‍ വലിയ സ്വീകാര്യത കിട്ടിയേക്കാവുന്ന മറ്റൊരു ചിത്രം. ആഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതോടൊപ്പം തന്നെ കെ.ജി.എഫിന് ശേഷം യഷ് നായകനായെത്തുന്ന ടോക്‌സിക്കും ആഗസ്റ്റില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. Photo: District

ഈ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രവും മത്സരത്തിനെത്തുന്നുണ്ട്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നതും മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതും തുടക്കത്തിന് ഹൈപ്പുയര്‍ത്തുന്നു. തുടക്കം റിലീസ് നിശ്ചയിച്ചിരിക്കുന്ന ആഗസ്റ്റ് ഏഴന് തന്നെയാണ് കുഞ്ചാക്കോ ബോബന്‍ പൊലീസ് വേഷത്തിലെത്തുന്ന ഉന്മാദവും റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

 

Content Highlight: 7 Films which is to release on august