തിരുവനന്തപുരം: 58ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കാര്യവട്ടം എല്‍.എന്‍.സി.പി ഗ്രൗണ്ടില്‍ തുടക്കം. മേളയിലെ ആദ്യ രണ്ട് സ്വര്‍ണങ്ങളും പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിന്റെ മുഹമ്മദ് അഫ്‌സലും പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്‌കൂളിലെത്തന്നെ എം.വി ഹര്‍ഷയുമാണ് പാലക്കാടിന്റെ സ്വര്‍ണക്കൊയ്ത്തിന് തുടക്കമിട്ടത്.
ഈ മേളയോടെ അഫ്‌സല്‍ വിരമിക്കുകയാണ് എന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. എന്നാല്‍ റെക്കോര്‍ഡുകളൊന്നുമില്ലാത്ത വിജയമാണ് അഫ്‌സലിന്റേത്.
വിജയം ഉറപ്പിച്ചാണു മത്സരത്തിന് ഇറങ്ങിയതെന്ന് ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ ജേതാവായ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. മികച്ച പരിശീലനം വിജയത്തിനു സഹായിച്ചു. ട്രാക്കല്‍ കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ലെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.
കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജിനാണ് ആദ്യ മീറ്റ് റെക്കോര്‍ഡ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ബിബിന്‍ റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയത്. 8 മിനിട്ട് 46.64 സെക്കന്റിലാണ് ബിബിന്‍ ഫിനിഷ് ചെയ്തത്.
14 ജില്ലകളില്‍ നിന്ന് 2557 ഓളം താരങ്ങള്‍ ആറു വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് കരുത്ത് പരീക്ഷിക്കുക. കഴിഞ്ഞ തവണ 28 സ്വര്‍ണം നേടിയ എറണാകുളം 251 പോയന്റുമായി മുന്നിലെത്തിയപ്പോള്‍ 218 പോയന്റ് നേടിയ പാലക്കാടിന്റെ സമ്പാദ്യം 27 സ്വര്‍ണമായിരുന്നു. 11 സ്വര്‍ണം നേടിയ കോഴിക്കോട് 110 പോയന്റുമായി മൂന്നാമതെത്തി.
മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിക്കും.
