തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഞാണ്ടൂര്‍കോണത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അംബേദ്ക്കര്‍ കോളനി സ്വദേശികളായ രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി 8.30ഓടെയാണ് സംഭവം.

മൂവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പൊലീസ് മാറ്റിയിട്ടുണ്ട്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനാണ് ഒരു സംഘമാളുകള്‍ പ്രതികാരനടപടിയായി യുവാക്കളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്ത് നിന്നുള്ളവര്‍ രാത്രികാലങ്ങളില്‍ ലഹരി വില്‍ക്കാനായി ഇങ്ങോട്ടേക്ക് വരാറുണ്ടെന്നും ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.

വൈകീട്ടോടെ നാട്ടുകാരും പുറമെ നിന്നെത്തിയവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് ശേഷം എല്ലാവരും പിരിഞ്ഞുപോയെങ്കിലും രാത്രിയോടെ ആയുധമായെത്തിയ എട്ടംഗ സംഘം പ്രദേശവാസികളെ വെട്ടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
Content Highlights: 3 youths were attacked by drug sailors in trivandrum