2011ല്‍ എം.എസ് ധോണിക്ക് കീഴില്‍ ഏകദിന ക്രിക്കറ്റിന്റെ കൊടുമുടി നടന്നുകയറിയ ഇന്ത്യ മറ്റൊരു കിരീടത്തിനായി ഒന്നര പതിറ്റാണ്ടായി കാത്തിരിക്കുകയാണ്. 2023ല്‍ സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടമുയര്‍ത്താന്‍ നീലപ്പടയ്ക്ക് അവസരമുണ്ടായിരുന്നിട്ടും പാറ്റ് കമ്മിന്‍സ് എന്ന മാന്ത്രികന് കീഴിലിറങ്ങിയ മൈറ്റി ഓസീസിന് മുമ്പില്‍ കിരീടം അടിയറവ് വെക്കുകയായിരുന്നു.

2024, 2026 ട്വന്റി-20 ലോകകപ്പുകളും 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും ഏകദിന ലോകകപ്പ് കിരീടം എന്ന ലക്ഷ്യം ഇപ്പോഴും ബാക്കിയാണ്.

അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയെയും ഭുവനേശ്വര്‍ കുമാറിനെയും ടീമിലേക്ക് തിരികെ വിളിക്കണമോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാവുകയാണ്.

ലോകകപ്പിന് മുമ്പ് നിലവിലെ ഫാസ്റ്റ് ബൗളിങ് യൂണിറ്റിനെ സംബന്ധിക്കുന്ന ആശങ്കകള്‍ പൂര്‍ണമായും പരഹരിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

◈ പേസ് നിരയിലെ ആശങ്കകള്‍

കഴിഞ്ഞ ഒരു വര്‍ഷമായി ഏകദിന ഫോര്‍മാറ്റില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ പ്രകടനം സ്ഥിരതയില്ലാത്തതായിരുന്നു. പങ്കെടുത്ത നാല് ഏകദിന പരമ്പരകളില്‍ മൂന്നിലും ടീം പരാജയപ്പെട്ടു.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ ഇന്ത്യയുടെ പ്രധാന പേസ് ബൗളര്‍മാര്‍. എന്നാല്‍ ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് ബൗളിങ് യൂണിറ്റ് പൂര്‍ണമായി പതറുന്ന കാഴ്ചയാണ് കാണുന്നത്.

ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്, മായങ്ക് യാദവ് തുടങ്ങി നിരവധി യുവ ബൗളര്‍മാര്‍ക്ക് മാനേജ്മെന്റ് അവസരം നല്‍കിയെങ്കിലും ആര്‍ക്കും തന്നെ നിരന്തരമായ സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

ദക്ഷിണാഫ്രിക്കയിലെ പേസിനെയും ബൗണ്‍സിനെയും തുണയ്ക്കുന്ന പിച്ചുകളില്‍ ബുംറയ്ക്കും സിറാജിനുമൊപ്പം അനുഭവസമ്പന്നരായ 2-3 ഫാസ്റ്റ് ബൗളര്‍മാര്‍ കൂടി ഇന്ത്യയ്ക്ക് അത്യാവശ്യമാണ്.

◈ വെറ്ററന്‍ താരങ്ങളുടെ റെക്കോഡുകളും അനുഭവസമ്പത്തും

മുഹമ്മദ് ഷമി

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ഷമി (വെറും 18 ഇന്നിങ്‌സുകളില്‍ നിന്ന് 55 വിക്കറ്റുകള്‍). ഇതില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും നാല് തവണ നാല് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.

ആകെ 107 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 206 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ഷമി, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബൗളറാണ്.

മുഹമ്മദ് ഷമി

പകരം വെക്കാനാകാത്തെ ഷമിയുടെ സീം പ്രസന്റേഷനും കൃത്യമായ ലൈനും ലെങ്തും ഏത് പിച്ചിലും എതിരാളികളുടെ പേടി സ്വപ്‌നമാണ്.

2025 മാര്‍ച്ച് മാസത്തില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. അന്ന് ഇന്ത്യയ്‌ക്കൊപ്പം ഷമിയും കിരീടത്തില്‍ മുത്തമിട്ടു.

ഭുവനേശ്വര്‍ കുമാര്‍

ന്യൂ ബോളില്‍ ഇരുവശത്തേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഡെത്ത് ഓവറുകളിലെ എക്കോണമിയുമാണ് ഭുവനേശ്വറിന്റെ കരുത്ത്.

120 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 5.08 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 141 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാര്‍

2022 ജനുവരിയിലാണ് ഭുവി അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചതെങ്കിലും, ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇപ്പോഴും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്.

ഇന്ത്യയ്ക്ക് മുമ്പില്‍ ഓസ്‌ട്രേലിയന്‍ മാതൃക

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ മുതിര്‍ന്ന പേസര്‍മാരുടെ പ്രായം നോക്കാതെ, അവരുടെ ജോലിഭാരം കൃത്യമായി നിയന്ത്രിച്ച് പ്രധാന ടൂര്‍ണമെന്റുകളില്‍ കളിപ്പിക്കുന്ന രീതിയാണ് ഓസ്‌ട്രേലിയ പിന്തുടരുന്നത്. സമാനമായി ഷമിയുടെയും ഭുവനേശ്വറിന്റെയും അനുഭവസമ്പത്ത് ഇന്ത്യയ്ക്കും പ്രയോജനപ്പെടുത്താം.

◈ ബുംറയ്ക്ക് പിന്തുണ

കരിയറിലുടനീളം പരിക്കിന്റെ ഭീഷണി നേരിടുന്ന ജസ്പ്രീത് ബുംറയുടെ മേലുള്ള അമിത ജോലിഭാരം കുറയ്ക്കാനും മത്സരങ്ങളിലെ സമ്മര്‍ദം പങ്കുവെക്കാനും പരിചയസമ്പന്നരായ ഷമിയുടെയും ഭുവനേശ്വറിന്റെയും സാന്നിധ്യം സഹായിക്കും.

അതേസമയം, നിലവില്‍ ബി.സി.സി.ഐയുടെയോ സെലക്ടര്‍മാരുടെയും പദ്ധതികളില്‍ ഈ രണ്ട് മുതിര്‍ന്ന താരങ്ങളും ഉള്‍പ്പെട്ടിട്ടില്ല.

എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 2027 ലോകകപ്പിന് മുന്‍പായി ഇന്ത്യയുടെ യുവ പേസര്‍മാര്‍ സ്ഥിരത കണ്ടെത്താന്‍ പരാജയപ്പെടുകയാണെങ്കില്‍, ലോകകപ്പ് കിരീടം എന്ന ലക്ഷ്യം നേടാന്‍ ഷമിയെയും ഭുവനേശ്വറിനെയും ടീമിലേക്ക് തിരികെ വിളിക്കുക എന്നതല്ലാതെ ഇന്ത്യയ്ക്ക് മുന്നില്‍ മറ്റ് വഴികളുണ്ടാകില്ല.

 

Content Highlight: 2027 ODI World Cup: Will the old spark return? As Shami and Bhuvneshwar make a comeback.