2026 ടി-20 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരെ 162 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്.
അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്കടക്കം തുടക്കത്തിലേ തിരിച്ചടിയേറ്റ മത്സരത്തില്‍ സൂര്യയുടെ പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് അഭിഷേക് പുറത്തായത്. അലി ഖാനെറിഞ്ഞ പന്തില്‍ സഞ്ജയ് കൃഷ്ണമൂര്‍ത്തിക്ക് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു അഭിഷേക് തിരിച്ചുനടന്നത്.
ഇതോടെ ഒരു അനാവശ്യ നേട്ടവും അഭിഷേക് തന്റെ പേരിലെഴുതിച്ചേര്‍ത്തു. അന്താരാഷ്ട്ര ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് തവണ ഗോള്‍ഡന്‍ ഡക്കാവുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന മോശം നേട്ടമാണ് അഭിഷേകിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
അവസാന അഞ്ച് ഇന്നിങ്‌സിലാണ് അഭിഷേക് മൂന്ന് തവണ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. യു.എസ്.എയ്‌ക്കെതിരായ മത്സരത്തിന് പുറമെ ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ട്, നാല് ഇന്നിങ്‌സുകളിലാണ് അഭിഷേക് ഗോള്‍ഡന്‍ ഡക്കായി പുറത്തായത്.
2026 എന്ന കലണ്ടര്‍ ഇയര്‍ ആരംഭിച്ച് ഒന്നര മാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് അഭിഷേക് മോശം റെക്കോഡിലെത്തിയത് എന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്.
ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡക്കായ ഇന്ത്യന്‍ താരങ്ങള്‍
(താരം – എത്ര തവണ – വര്‍ഷം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – 3 – 2026*
സഞ്ജു സാംസണ്‍ – 2 – 2024
വിരാട് കോഹ്‌ലി – 2 – 2024
തിലക് വര്‍മ – 2 – 2023
കുല്‍ദീപ് യാദവ് – 2 – 2023
സൂര്യകുമാര്‍ യാദവ് – 2 – 2022
മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്ക് പുറമെ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു.
അഭിഷേകും ദുബെയുമടക്കമുള്ള താരനിര തകര്‍ന്നടിഞ്ഞപ്പോള്‍ സൂര്യ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുന്ന സാഹചര്യത്തില്‍ പതിഞ്ഞാണ് സൂര്യ ബാറ്റ് വീശിയത്. നേരിട്ട 36ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ പിന്നാലെ ഗിയര്‍ ഷിഫ്റ്റ് ചെയ്തു.
8️⃣4️⃣* Runs
4️⃣9️⃣ Balls
🔟 fours
4⃣ sixes
A captain’s knock from @surya_14kumar when it mattered most 💪
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 161 റണ്‍സിലെത്തി.
യു.എസ്.എയ്ക്കായി ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക് നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍മീത് സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് മൊഹ്‌സീനും അലി ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: 2026 T20 World Cup: IND vs USA: Abhishek Sharma becomes 1st Indian batter to dismiss for golden duck thrice in a calendar year