remya-kamal

ചെന്നൈ: നടനും സംവിധായകനുമായ കമലഹാസനും നടി രമ്യാ കൃഷ്ണനും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ ശ്രുതി ഹാസനായിരിക്കും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മലയാളം സിനിമാ സംവിധായകന്‍ ടി.കെ.രാജീവാണ് സിനിമയുടെ സംവിധായകന്‍. ചിത്രത്തില്‍ ശ്രുതി ഹാസന്‍ കമല ഹാസന്റെ മകളായി എത്തുന്നു എന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റെ തിരക്കഥ, നിര്‍മാണം എന്നിവ കമല ഹാസനാണ്. അമേരിക്കയിലായിരിക്കും ചിത്രീകരണം. സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുക ഇളയരാജയായിരിക്കും.

തന്റെ പുതിയ ചിത്രത്തില്‍ ഭാര്യയുടെ വേഷം ചെയ്യുമോ എന്നാരാഞ്ഞ് കമല ഹാസന്‍ രമ്യാകൃഷ്ണനെ സമീപിക്കുകയായിരുന്നെന്ന് കമലഹാസനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 2002 ല്‍ പഞ്ചതന്തിരം എന്ന ചിത്രത്തിലായിരുന്നു ഇരുവരുമൊന്നിച്ച് അഭിനയിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണം ഏപ്രില്‍ മാസത്തിലോ മെയ് മാസത്തിലോ ആരംഭിക്കും.