Administrator
Administrator
‘മാറുന്നില്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ നാശം ഫലം’
Administrator
Tuesday 5th April 2011 6:39am

ഭാഗം: പതിനേഴ്

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും മുതിര്‍ന്ന നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ അടങ്ങുന്ന വിക്കിലീക്‌സ് കേബിളുകള്‍ ‘ദ ഹിന്ദു’ പുറത്തുവിട്ടു. കാലത്തിനനുസരിച്ച് കോലം മാറണമെന്നും വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായക നിലപാടുകളെടുത്തിട്ടില്ലെങ്കില്‍ നാശത്തിലേക്കായിരിക്കും പാര്‍ട്ടി നീങ്ങുകയെന്നും ബുദ്ധദേവ് പറഞ്ഞതായാണ് കേബിളുകള്‍ സൂചിപ്പിക്കുന്നത്.

2007ല്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹെന്റി പോള്‍സണുമായി നടത്തിയ ചര്‍ച്ചയിലാണ് വികസനത്തെക്കുറിച്ചുള്ള ബുദ്ധദേവിന്റെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമായത്.

ഉദാരീകരണം വേണം അമേരിക്കന്‍ നിക്ഷേപവും
ആഗോളവല്‍ക്കരണം, നവ ഉദാരീകരണം, വിദേശ നിക്ഷേപം എന്നിവയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വിഭിന്നമായ നിലപാടിലായിരുന്നു ബുദ്ധദേവ്. ബംഗാളില്‍ കൂടുതല്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരാന്‍ ഏറ്റവുമധികം ആഗ്രഹിച്ച നേതാവായിരുന്നു മുഖ്യമന്ത്രി.

ആശയങ്ങളുടെ കാര്യത്തിലും അടിസ്ഥാനതത്വങ്ങളുടെ കാര്യത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറ്റത്തിന്റെ പാതയിലാണ്. മാറുന്ന ലോകത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാകേണ്ടത് ആവശ്യമാണ്. മാറ്റത്തിന് വിധേയമായില്ലെങ്കില്‍ സമ്പൂര്‍ണ നാശമായിരിക്കും ഫലം- കേബിളില്‍ ബുദ്ധദേവ് പറയുന്നു.

ബംഗാളില്‍ കൂടുതല്‍ വികസനം നടക്കേണ്ടതിന്റേയും അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് ചര്‍ച്ചയില്‍ ബുദ്ധദേവ് അഭിപ്രായപ്പെട്ടിരുന്നു. ബോയിംഗ്, ഡൗ കെമിക്കല്‍സ് എന്നി കമ്പനികളെ അദ്ദേഹം ബംഗാളിലേക്ക് ക്ഷണിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാനസൗകര്യമേഖലയിലും അമേരിക്കയുമായി അടുത്തുപ്രവര്‍ത്തിക്കാന്‍ ബുദ്ധദേവ് ആഗ്രഹിച്ചിരുന്നുവെന്ന് കേബിളുകള്‍ വ്യക്തമാക്കുന്നു.

ദോഹറൗണ്ട് വ്യാപാരചര്‍ച്ചകളുമായി ബന്ധപ്പെട്ട ഇന്ത്യക്കും അമേരിക്കയ്ക്കും ഇടയിലുള്ള ഭിന്നതകള്‍ അവസാനിപ്പിക്കണമെന്ന് ബുദ്ധദേവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പരുത്തി കര്‍ഷകര്‍ക്ക് അമേരിക്ക നല്‍കുന്ന സബ്‌സിഡി അവസാനിപ്പിക്കണമെന്നും അത്തരം നീക്കം ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണ് ബാധിക്കുകയെന്നും ബുദ്ധദേവ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബുദ്ധദേവിന്റേയും മറ്റ് ചിലനേതാക്കളുടേയും തത്വശാസ്ത്രപരമായ അയഞ്ഞസമീപനം പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് കേബിള്‍ വ്യക്തമാക്കുന്നുണ്ട്.

ഡൗ കെമിക്കല്‍സിനായി അമേരിക്കയുടെ സമ്മര്‍ദ്ദം
ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡിനെ സ്വന്തമാക്കിയ ഡൗ കെമിക്കല്‍സിന് ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടപ്പോള്‍ അത് ലഘൂകരിക്കാനായി അമേരിക്ക നടത്തിയ ഇടപെടലുകളെക്കുറിച്ച് വിക്കിലീക്‌സ് രേഖകള്‍ സൂചന നല്‍കുന്നു.

രാഷട്രീയ നേതൃത്വത്തെയും ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക് പരിഗണന ലഭിക്കാനായി സമരരംഗത്തുണ്ടായിരുന്ന എന്‍.ജി.ഒകളെയും പാട്ടിലാക്കാനായിരുന്നു അമേരിക്കയുടെ ശ്രമം. വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായും വാണിജ്യമന്ത്രി കമല്‍നാഥുമായും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയുമായും അമേരിക്കന്‍ നയതന്ത്രജ്ഞര്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളാണ് കേബിളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ഡൗ കെമിക്കല്‍സ് നഷ്ടപരിഹാരം നല്‍കണമെന്നും അപകടസ്ഥലം കമ്പനി ശുചീകരിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടും മൂന്നുപേരും യോജിച്ചിരുന്നില്ല. ഭോപ്പാല്‍ ദുരന്തത്തിനിരയായവര്‍ക്ക് ഡൗ കെമിക്കല്‍സ് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രം അഭിപ്രായപ്പെട്ട സമയത്തായിരുന്നു അമേരിക്ക സമ്മര്‍ദ്ദതന്ത്രവുമായെത്തിയത്.

ഡൗ കെമിക്കല്‍സിന്റെ ഭാവിപ്രവര്‍ത്തനത്തിനും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനും ഇത് വിഘാതം സൃഷ്ടിക്കുമെന്നും നീക്കം കേന്ദ്രം ഉപേക്ഷിക്കണമെന്നുമായിരുന്നു അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഭോപ്പാല്‍ വിഷയത്തില്‍ എന്‍.ജി.ഒകള്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ നിലപാടില്‍ നിന്നും പിന്നോട്ടുപോകാനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം.

ആണവ കരാറിന് തടസം ഇടതിന്റെ ദുര്‍വ്വാശി; ആലുവാലിയ

ഇന്ത്യ-അമേരിക്ക ആണവകരാറിന് ഏറ്റവും വലിയ പ്രതിബന്ധമായി നില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ ദാക്ഷീണ്യമില്ലാത്ത നിലപാടാണെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് ആലുവാലിയ അഭിപ്രായപ്പെട്ടതായി വിക്കിലീക്‌സ് വ്യക്തമാക്കുന്നു. അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ആണവ കരാറിനെയോ 123 കരാറിനെയോ ആയിരുന്നില്ല ഇടതുപക്ഷം എതിര്‍ത്തിരുന്നത്. അമേരിക്കയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ എതിര്‍ക്കുക എന്ന പൊതുനിലപാടിന്റെ ഭാഗമായുള്ളതായിരുന്നു ഈ എതിര്‍പ്പ്. ഇതിനെതിരേ പ്രസ്താവന നടത്തിയാലോ മറ്റ് നടപടിക്കോ കോണ്‍ഗ്രസ് മുതിര്‍ന്നിരുന്നില്ല. ഇത്തരമൊരു നടപടിയിലൂടെ രണ്ട് കാര്യങ്ങള്‍ നടന്നേക്കുമെന്ന് കോണ്‍ഗ്രസ് ഭയന്നിരുന്നു. ഒന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷമാകും. രണ്ട് ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാറിനെ മറിച്ചിടാനും സാധ്യതയുണ്ടാകും. എന്നാല്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസ് കൈവരിച്ചിട്ടുണ്ടെന്നും ആലുവാലിയ അഭിപ്രായപ്പെട്ടതായി കേബിളുകള്‍ സൂചിപ്പിക്കുന്നു.

കശ്മീര്‍: പ്രധാന തടസ്സം ജന.കയാനിയെന്ന് ബ്രിട്ടന്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത് പട്ടാളമേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിയാണെന്ന് ബ്രിട്ടന്‍ അഭിപ്രായപ്പെട്ടതായി വിക്കിലീക്‌സ് കേബിളുകള്‍ പറയുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏകദേശ ധാരണയിലെത്തിയിരുന്നതായും ബ്രിട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളും ഒരു ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ മുംബൈ ഭീകരാക്രമണത്തോടെ സ്ഥിതി ഗുരുതരമായിയെന്നും ലണ്ടനിലെ അമേരിക്കന്‍ എംബസി അയച്ച രേഖകളില്‍ പറയുന്നു.

ബ്രിട്ടിഷ് വിദേശ സെക്രട്ടറിയായിരുന്ന ഡേവിഡ് മിലിബാന്‍ഡ് 2008ല്‍ നടത്തിയ പാക് സന്ദര്‍ശനത്തെിനുശേഷമാണ് ഇത്തരം നിഗമനങ്ങളിലെത്തിച്ചേര്‍ന്നത്. കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായുള്ള ഒരു ഉടമ്പടി ഇരുരാഷ്ട്രങ്ങളും തയ്യാറാക്കിയിരുന്നു. ഇതില്‍ ഒപ്പിടാന്‍ മന്‍മോഹന്‍ സിംഗും പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ഈ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ തയ്യാറുമായിരുന്നു. എന്നാല്‍ ഉടമ്പടിയോട് പട്ടാളമേധാവി താല്‍പ്പര്യം കാണിച്ചിരുന്നില്ലെന്നും കേബിളുകള്‍ പറയുന്നു.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)

പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)

യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അ‍ഞ്ചാം ഭാഗം)

ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)

സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല (ഭാഗം: ഏഴ്)

നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)

‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)

ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ് (ഭാഗം: പത്ത്)

സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട് (ഭാഗം: പതിനൊന്ന്)

‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’ (ഭാഗം: പന്ത്രണ്ട്)

26/11: ആ പിങ്ക് ബോക്‌സ് എവിടെ? (ഭാഗം: പതിമൂന്ന്)

ആര്‍.എസ്.എസിന്റെ ഉയര്‍ച്ച ബി.ജെ.പിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി (ഭാഗം: പതിനാല്)
ഡൗ കെമിക്കല്‍സിനെ പിഴിഞ്ഞ രാഷ്ട്രീയനേതൃത്വവും പണം ചോദിച്ച കേന്ദ്രമന്ത്രിയും (ഭാഗം:പതിനഞ്ച്)

‘സേവ’ യിലൂടെ സാമുദായിക ചേരിതിരിവിന് ഗുജറാത്ത് സര്‍ക്കാറിന്റെ ശ്രമം (ഭാഗം:പതിനാറ്)

Advertisement