പൂനെ: രാജ്യത്തെ യുവാക്കള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ മാറ്റിവെച്ച് രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ശക്തമായ ഒരു രാഷ്ട്രം കെട്ടിപടുക്കുന്നതിനായി ഇന്ത്യയ്ക്ക് മുന്നിലുള്ള അവസരങ്ങളുടെ ജാലകം യുവാക്കള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2026ലെ ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറ അവരുടെ ഇടുങ്ങിയതും ഹ്രസ്വകാലത്തേക്കുള്ളതുമായ താത്പര്യങ്ങള്‍ അവഗണിച്ച് രാഷ്ട്രത്തിന്റെ താത്പര്യത്തിന് വേണ്ടിമാത്രം പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നും ഡോവല്‍ പറഞ്ഞു. തിലക് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ആഭ്യന്തര മന്ത്രിയായ അമിത് ഷായായിരുന്നു അദ്ദേഹത്തിന് സമ്മാനിച്ചത്.
‘ഇന്നത്തെ യുവാക്കള്‍ സ്വയം പൂര്‍ണമായി പ്രതിജ്ഞാബദ്ധരാകുകയും ദേശീയ താത്പര്യത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കുകയും വേണം. ചെറിയ വ്യക്തിപരമായ താത്പര്യങ്ങള്‍ ത്യജിക്കാന്‍ അവര്‍ തയ്യാറാകണം, ഇനി അത്തരം ചിന്തകള്‍ ഉയര്‍ന്നുവന്നാല്‍ തന്നെ അവയെ അവഗണിക്കണം,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ അതിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിലവിലുള്ള അവസരം കൈവിട്ടുപോകാന്‍ അനുവദിക്കരുതെന്നും ഇപ്പോഴത്ത പ്രഥമ പരിഗണന രാഷ്ട്ര നിര്‍മാണമാണെന്നും ഡോവല്‍ പറഞ്ഞു.
‘ഈ ശ്രമത്തില്‍ നമ്മള്‍ വിജയിക്കുമെന്നും പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നും എനിക്ക് പൂര്‍ണ ഉറപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെപ്പോലുള്ള നേതാക്കളെ ലഭിച്ചത് രാജ്യത്തിന്റെ ഭാഗ്യമാണ്. ലോകമാന്യ തിലക് ഒരു സ്വാതന്ത്ര്യസമര സേനാനി മാത്രമായിരുന്നില്ല, മികച്ചൊരു സാമൂഹിക പരിഷ്‌കര്‍ത്താവും തത്ത്വചിന്തകനും കൂടിയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
പൂനെയില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുകയും തിലകന്റെ 21 വയസ്സുള്ള മകന്റെ ജീവന്‍ കവരുകയും ചെയ്തപ്പോള്‍ പോലും, ഈ സ്വാതന്ത്ര്യസമര സേനാനി നഗരം വിട്ടുപോകാതെ അവിടെത്തന്നെ നിലയുറപ്പിച്ചുെവന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ഇന്ത്യ എപ്പോഴും ഇതുപോലെ തന്നെയായിരുന്നു എന്നാണ് ഇന്നത്തെ യുവാക്കള്‍ കരുതുന്നത്. തങ്ങള്‍ക്ക് തോന്നുന്നത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ‘സ്വാതന്ത്ര്യം’ എന്നും അവര്‍ വിചാരിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യം അതായിരുന്നില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലികഴിച്ചവര്‍, അതിനുവേണ്ടി പോരാടിയവര്‍, ലോകമാന്യ തിലകനെപ്പോലെയുള്ളവര്‍. അന്ന് ജനങ്ങള്‍ക്കിടയില്‍ വലിയ വേദനയുണ്ടായിരുന്നു… അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. തിലകന്‍ അവര്‍ക്ക് സംസാരിക്കാനുള്ള കരുത്ത് നല്‍കുകയും അവരില്‍ പുതിയൊരു ‘ചേതന’ ഉണര്‍ത്തുകയും ചെയ്തു,’ ഡോവല്‍ പറഞ്ഞു.
ഇക്കാലത്ത് ആളുകള്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു, എന്നാല്‍ ആ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിനായി സര്‍വ്വതും ത്യജിച്ചവര്‍ക്ക് എത്രത്തോളം വേദനയുണ്ടാകുമെന്ന് അവര്‍ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാന്‍ അത് നേടുക തന്നെ ചെയ്യും’ എന്ന് തിലക് മുദ്രാവാക്യം വിളിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഓരോ പൗരനും അതേ മാനസികാവസ്ഥ വളര്‍ത്തിയെടുക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും ഡോവല്‍ പറഞ്ഞു.
ലോകമാന്യ തിലകന്റെ പേരില്‍ നല്‍കുന്ന ഈ പുരസ്‌കാരം തികഞ്ഞ വിനയത്തോടെയാണ് താന്‍ സ്വീകരിക്കുന്നതെന്നും ഡോവല്‍ പറഞ്ഞു. കൃത്യമായ കാഴ്ചപ്പാടും രാജ്യത്തോടുള്ള പ്രതിബദ്ധതയുമുള്ള വ്യക്തിയാണ് അമിത് ഷായെന്നും അങ്ങനെയുള്ള കേന്ദ്രമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Content Highlight: Youth must sacrifice personal, selfish interests; it is the country’s good fortune to have Modi and Amit Shah: Ajit Doval.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.