ലഖ്‌നൗ: സര്‍ക്കാറിന്റെ പ്രസ്സ് റിലീസുകള്‍ ഇനിമുതല്‍ സംസ്‌കൃതത്തില്‍ പുറത്തുവിടാനൊരുങ്ങി യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ കൂടാതെ പ്രസ്സ് റിലീസുകളും മുഖ്യമന്ത്രിയുടെ പ്രസംഗവുമെല്ലാം സംസ്‌കൃതത്തിലും പുറത്തുവിടാന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ യോഗി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. എല്ലാ ദിവസവും കൊവിഡ് കണക്കുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന പ്രസ്സ് റിലീസ് ഇനിമുതല്‍ സംസ്‌കൃതത്തില്‍ ലഭ്യമാവുമെന്നും സര്‍ക്കാറിന്റെ ട്വീറ്റില്‍ പറയുന്നു.
സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രധാനവിവരങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗവും സംസ്‌കൃതത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
‘മുലായംസിങ്ങ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉര്‍ദു ഭാഷയെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത്. അന്നു മുതല്‍ ഉറുദുവില്‍ പ്രസ്സ് റിലീസുകള്‍ തയ്യാറാക്കാനും തുടങ്ങി. സംസ്ഥാനത്ത് നിരവധി ഉര്‍ദു പത്രങ്ങള്‍ ലഭ്യമാണ്. ഇപ്പോഴുള്ള സര്‍ക്കാറിന്റെ തീരുമാനം സംസ്‌കൃതത്തെ കൂട്ടിച്ചേര്‍ക്കാനാണ്’, ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2019ല്‍ തന്നെ പ്രസ്സ് റിലീസുകള്‍ സംസ്‌കൃതത്തില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് തുടരാന്‍ കഴിയാതെ വരുകയായിരുന്നു. നിലവിലെ തീരുമാനം കൃത്യമായി നടത്തിക്കൊണ്ടുപോവുന്നതിനായി സംസ്‌കൃതത്തിനോട് താല്‍പര്യമുള്ള രണ്ട് പേര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യോഗി ആദിത്യനാഥിന് സംസ്‌കൃതത്തോടുള്ള ഇഷ്ടം പല അവസരങ്ങളിലായി അദ്ദേഹം പ്രകടിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: yogi govt starts issuing press releases in sanskrit 2 senior officials to monitor initiative
