വേള്‍ഡ് ടി-20 ക്വാളിഫയറില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ കൂറ്റന്‍ വിജയവുമായി പോര്‍ച്ചുഗല്‍. ഫിന്‍ലന്‍ഡിലെ ടിക്കുരില ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡിലൂടെ 91 റണ്‍സിന്റെ വിജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ മോയ്‌സസ് ഹെന്‌റിക്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പോര്‍ച്ചുഗല്‍ 211 റണ്‍സ് നേടി. മോശം കാലാവസ്ഥ മൂലം മത്സരം തടസ്സപ്പെടും മുമ്പ് 8.5 ഓവറില്‍ ചെക്ക് റിപ്പബ്ലിക്കിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്.

ഡി.എല്‍.എസ് മെത്തേഡില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ ടീമിന് വിജയിക്കാന്‍ ആ സമയം 116 റണ്‍സ് വേണ്ടിയിരുന്നു. ഇതോടെയാണ് 91 റണ്‍സിന്റെ വിജയം പോര്‍ച്ചുഗലിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പോര്‍ച്ചുഗലിന് ആദ്യ പന്തില്‍ തന്നെ പിഴച്ചിരുന്നു. ഓപ്പണര്‍ എന്‍. ധവാല്‍കുമാര്‍ ജോ കോപ്പിന് വിക്കറ്റ് നല്‍കി മടങ്ങി.

എന്നാല്‍ വണ്‍ ഡൗണായി ക്യാപ്റ്റനെത്തിയതോടെ പറങ്കിപ്പട കളി പിടിച്ചു. ക്രിസ് ഡെഫ്രിറ്റസിനെ ഒപ്പം കൂട്ടി ഹെന്‌റിക്‌സ് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 16 പന്തില്‍ 30 റണ്‍സ് നേടി ഡെഫ്രിറ്റസ് പുറത്താകുമ്പോള്‍ പോര്‍ച്ചുഗല്‍ 107 റണ്‍സ് നേടിയിരുന്നു.

കചോപ്പ 23 പന്തില്‍ 18 റണ്‍സിനും ശേഷമെത്തിയ കാമറൂണ്‍ ഷെക്കല്‍ടണ്‍ രണ്ട് റണ്‍സിനും പുറത്തായപ്പോള്‍ കാര്‍ലോസ് നൂന്യസ് തകര്‍ത്തടിച്ച് സ്‌കോര്‍ 200 കടത്തി. 19 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒടുവില്‍ പോര്‍ച്ചുഗല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെക് റിപ്പബ്ലിക്കിന് തൊട്ടതെല്ലാം പിഴച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റാതുല്‍ ഖാന്‍, റിത്വിക് തോമര്‍ എന്നിവര്‍ പൂജ്യത്തിന് മടങ്ങി. സബാവൂണ്‍ ദാവിസി (നാല് പന്തില്‍ ഒന്ന്), സാസിബ് ഭുയ്യാന്‍ (14 പന്തില്‍ 11), സുധേഷ് വിക്രമശേഖര (11 പന്തില്‍ നാല്) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

8.5 ഓവറില്‍ അഞ്ചിന് 24 എന്ന നിലയില്‍ ബാറ്റിങ് തുടരവെ മത്സരം മോശം കാലാവസ്ഥ മൂലം തടസ്സപ്പെടുകയും ഡി.എല്‍.എസ് മെത്തേഡില്‍ പോര്‍ച്ചുഗലിനെ വിജയികളായി പ്രഖ്യാപിക്കുകകയുമായിരുന്നു.

 

Content Highlight: World T20 Qualifier: Portugal defeated Czech Republic