ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാരതാരം വൈഭവ് സൂര്യവംശിയെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ വൈഭവിന് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കേണ്ടത് സീനിയര്‍ താരങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അഭിഷേക് പറഞ്ഞു.

ജിയോ ഹോട്ട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും

വൈഭവിനെ ടീമിനൊപ്പം കൂടുതല്‍ കംഫര്‍ട്ടബിളാക്കാന്‍ സീനിയര്‍ താരങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിഷേക് വ്യക്തമാക്കി.

‘വൈഭവിനെ എങ്ങനെ കൂടുതല്‍ കംഫര്‍ട്ടബിളാക്കാം എന്ന് ഞങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. അവന്‍ എന്തൊക്കെ നേടിയിട്ടുണ്ടെന്നും ഇവിടെ കളിക്കാന്‍ തികച്ചും അര്‍ഹനാണെന്നും ഞങ്ങള്‍ക്കെല്ലാം അറിയാം.

ഞങ്ങള്‍ എല്ലാവരും നിന്റെ മൂത്ത സഹോദരന്മാരെപ്പോലെ കൂടെയുണ്ടെന്ന് അവനെ തോന്നിപ്പിക്കേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നു. അവന്‍ കളി ആസ്വദിക്കുകയും തന്റെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ മാത്രം മതി,’ അഭിഷേക് പറഞ്ഞു.

പ്രായത്തിനപ്പുറമുള്ള പക്വതയും ബുദ്ധിയുമുള്ള താരമാണ് വൈഭവെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ക്രിക്കറ്റ് ലോകത്ത് സജീവമായതിനാല്‍ എന്ത് ചെയ്യണം, എത്രത്തോളം പരിശീലനം നടത്തണം തുടങ്ങിയ കാര്യങ്ങളില്‍ വൈഭവിന് വ്യക്തമായ ധാരണയുണ്ടെന്നും അനുഭവപരിചയത്തിലൂടെ അവന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുമെന്നും അഭിഷേക് പറഞ്ഞു.

2026ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തതും അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയുമായിരുന്നു. ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു. ബാറ്റിങ്ങിന് പ്രയാസമേറിയ ഫൈനലില്‍ അഭിഷേക് 28 പന്തില്‍ 61 റണ്‍സ് നേടി നിര്‍ണായക പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

അതേസമയം, കളിക്കളത്തിലെ തന്റെ മൈന്‍ഡ്‌സെറ്റിനെ കുറിച്ചും സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം വ്യക്തമാക്കി. വ്യക്തിഗത റെക്കോഡുകള്‍ക്കും നാഴികക്കല്ലുകള്‍ക്കും പിന്നാലെ പോകുന്നതിനേക്കാള്‍ ടീമിന് ഗുണകരമായ പ്രകടനം നടത്താനാണ് താന്‍ എപ്പോഴും ശ്രമിക്കുന്നതെന്നായിരുന്നു അഭിഷേക് പറഞ്ഞത്.

പഞ്ചാബിനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന കാലത്താണ് ഈ മനോഭാവം കൂടുതല്‍ ശക്തമായതെന്ന് താരം പറഞ്ഞു. 2023-24 സീസണില്‍ പഞ്ചാബ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയതിന് പിന്നാലെയാണ് വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്‍കുന്ന സമീപനം താന്‍ കൂടുതല്‍ സ്വീകരിച്ചതെന്നും അഭിഷേക് വ്യക്തമാക്കി.

അഭിഷേക് ശർമ. Photo: IndianPremierLeague/x.com

ഓരോ മത്സരത്തിലും ടീമിനായി എങ്ങനെ മികച്ച സംഭാവന നല്‍കാമെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ഭാവിയെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് ചെറിയ കാര്യങ്ങള്‍ പോലും മറക്കാന്‍ കാരണമാകുമെന്നും അഭിഷേക് പറഞ്ഞു.

‘വ്യക്തിഗത റെക്കോഡുകള്‍ നമ്മുടെ കൈകളിലുള്ളതല്ല. ചെറിയ ഇന്നിങ്‌സാണെങ്കിലും ഒരു ഫോറോ സിക്സറോ ആണെങ്കിലും മത്സരത്തില്‍ എത്രത്തോളം ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനം.

വ്യക്തിഗത നേട്ടങ്ങള്‍ കൈവരിക്കണമെന്ന ആഗ്രഹം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പകരം ട്രോഫികള്‍ നേടാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതിനായി ഓരോ മത്സരവും ഘട്ടം ഘട്ടമായി കാണുന്നു. ആ പ്രത്യേക മത്സരത്തില്‍ ടീമിനായി എങ്ങനെ സംഭാവന നല്‍കാം എന്നതിലാണ് ശ്രദ്ധ,’ താരം വ്യക്തമാക്കി.

അഭിഷേക് ശര്‍മ

അഞ്ച് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളുടെ എകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ആതിഥേയര്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലും വിജയം തുടരാനുള്ള മുന്നൊരുക്കത്തിലാണ്.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ ആറിനാണ് സീരീസ് ഓപ്പണര്‍, ലഖ്‌നൗവാണ് വേദി.

Content highlight: Abhishek Sharma about Vaibhav Sooryavanshi