റോം-കോം സിനിമകൾ എപ്പോഴും വിജയിക്കണമെന്നില്ല. അവിടെയാണ് ഗിരീഷ് എ.ഡിയുടെ തുടർച്ചയായ റോം-കോം ചിത്രങ്ങൾ വിജയിക്കുന്നത്. തിയേറ്ററിൽ നിന്നും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തുടർച്ച ഇപ്പോൾ ഒ.ടി.ടിയിൽ എത്തി നിൽക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രശംസയോടെ ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം പുതിയ വ്യാഖ്യാനങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നുണ്ട്.

നിവിന്റെ ആക്ടിങ് ശ്രദ്ധിച്ചു തുടങ്ങിയതിനെപറ്റിയും ബെത്‌ലഹേമിൽ നിവിനെ കാസ്റ്റ് ചെയ്തതിനെപ്പറ്റിയും പറയുകയായിരുന്നു ഗിരീഷ് എ.ഡി.

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ രംഗം Photo: Bhavana Studios/Screen Grab

‘സുനിൽ ഇബ്രാഹിമിന്റെ ‘അരികിൽ ഒരാൾ’ എന്ന സിനിമയിലൂടെയാണ് നിവിനെ ആക്ടിങ് വൈസ് ശ്രദ്ധിച്ചു തുടങ്ങിയത്. അതിലെ പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടിരുന്നു.

1983 ഒക്കെ ഇറങ്ങിയപ്പോ നമ്മുടെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്ന ആളാണെന്നൊക്കെ തോന്നിയിരുന്നു. ഞാൻ സിനിമ ചെയ്തു തുടങ്ങുന്നതിനു മുമ്പേ നിവിൻ പ്രേമമൊക്കെ ചെയ്ത് സിനിമയിൽ സ്റ്റാർ ആണ്.’ ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗിരീഷ്.

ഗിരീഷ് എ.ഡി Photos: Screen Grab/Youtube.IMDb

സ്വയം വിശ്വാസം ഇല്ലാത്തതിനാൽ നിവിൻ ഉൾപ്പടെ പലരിലേക്കും എത്തിപ്പെടാൻ പറ്റില്ലായെന്നൊക്കെ തണ്ണീർമത്തൻ ദിനങ്ങൾ ഇറങ്ങിയതിനു ശേഷവും തോന്നിയിരുന്നെന്നും പ്രേമലുവിന് ശേഷമാണ് ആ ചിന്ത മാറിയതെന്നുമാണ് ഗിരീഷ് പറയുന്നത്.

പ്രേമലു2 നടക്കില്ലായെന്ന് തോന്നി തുടങ്ങിയപ്പോൾ തന്നെ പോത്തനെ വിളിച്ച് നിവിനോട് ബെത്‌ലഹേമിന്റെ കഥ പറയാൻ പോവുകയാണെന്ന് പറഞ്ഞിരുന്നുവെന്ന് ഗിരീഷ് കൂട്ടിച്ചേർത്തു. സ്ക്രിപ്റ്റ് എഴുതി തുടങ്ങുന്നതിനു മുമ്പേ നിവിനോട് കഥയെക്കുറിച്ചു പറയുകയും നിവിൻ അപ്പോൾ തന്നെ സമ്മതം അറിയിച്ചുവെന്നും ഗിരീഷ് വ്യക്തമാക്കി.

ഹ്രസ്വചിത്രങ്ങളിലൂടെയാണ് കരിയർ ആരംഭിച്ചത്. ഗിരീഷിന്റെ ആദ്യ സിനിമ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് കുറച്ച് സിനിമകളാൽ തന്നെ മലയാള സിനിമയിൽ തന്റേതായ ബെഞ്ച്മാർക്ക് ഉണ്ടാക്കിയെടുക്കാൻ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്. ‘അയാം കാതലൻ’ ഒഴികെ ഗിരീഷ് സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്.

Content Highlight: Nivin was already a star in cinema before I started making films; he agreed the moment I approached him: Girish A.D.