മാഡ്രിഡ്: രൂക്ഷമായ ഭവനപ്രതിസന്ധിയും പാര്‍ലമെന്റിലെ രാഷ്ട്രീയ പ്രതിസന്ധിയും ശക്തമായതോടെ സ്പെയിന്ല്‍ ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ് നടക്കുക. അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് സാഞ്ചസ് നേരത്തേയാക്കിയത്.

വാടകയും വീടുകളുടെ വിലയും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാഞ്ചസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന രണ്ട് അടിയന്തര ഭവനപദ്ധതികള്‍ കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു.

കുടിയൊഴിപ്പിക്കല്‍ നിയന്ത്രിക്കുന്നതും വാടകവീടുകളുടെ കരാര്‍ സംരക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും പദ്ധതികളിലുണ്ടായിരുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകൂടത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാനാകാതെ വന്നതോടെ നടപടികള്‍ പരാജയപ്പെടുകയായിരുന്നു.

പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടിയും , തീവ്ര വലതുപക്ഷമായ വോക്സ് പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ എതിര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്. ഭവനപ്രതിസന്ധിക്ക് നിയന്ത്രണങ്ങളേക്കാള്‍ കൂടുതല്‍ വീടുകളുടെ നിര്‍മാണമാണ് പരിഹാരമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

പാര്‍ലമെന്റിലെ വോട്ടെടുപ്പിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും ശക്തമായി.

മാഡ്രിഡില്‍ അടുത്തിടെ നടന്ന ഭവനപ്രതിഷേധങ്ങള്‍ക്ക് പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. 87 വയസ്സുള്ള വ്യക്തി ദീര്‍ഘകാലം താമസിച്ചിരുന്ന വീട്ടില്‍നിന്ന് കുടിയൊഴിപ്പിച്ച സംഭവം പ്രതിഷേധത്തിന് കൂടുതല്‍ ശക്തി നല്‍കിയിരുന്നു.

വാടകയില്‍ വലിയ വര്‍ധന ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കുടിയൊഴിപ്പിക്കല്‍. സംഭവത്തോടെ രാജ്യത്തെ ഉയര്‍ന്ന വാടകയും ഭവനലഭ്യതക്കുറവും വീണ്ടും വലിയ രാഷ്ട്രീയ വിഷയമായി മാറുകയായിരുന്നു.

അതേസമയം, സാഞ്ചസ് സര്‍ക്കാരിന് പാര്‍ലമെന്റില്‍ സ്ഥിരമായ ഭൂരിപക്ഷമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഭവനപ്രശ്നത്തിന് പുറമെ വടക്കേ ആഫ്രിക്കയിലെ കുടിയേറ്റ പ്രതിസന്ധിയും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും രാഷ്ട്രീയ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്.

Content Highlights: Setback for the government over the housing crisis; Pedro Sánchez announces snap elections in Spain.