കോഴിക്കോട്: സുപ്രീം കോടതി വിധിയുടെ പിന്തുണയോടെ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെതിരെ ബി.ജെ.പിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമങ്ങളായിരുന്നു സംസ്ഥാനത്ത് അരങ്ങേറിയത്.

ജനുവരി മൂന്നാം തിയ്യതി കേരളത്തില്‍ സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ ലോക മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. റോയിട്ടേഴ്‌സും ബി.ബി.സിയും ഗാര്‍ഡിയനും അല്‍ജസീറയും ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെ തന്നെയാണ് കേരളത്തിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ ഭീകരതയെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

കേരളം സ്തംഭിച്ചു എന്ന് തലക്കെട്ടാണ് ബി.ബി.സി വാര്‍ത്ത നല്‍കിയിരിക്കുന്നത്. പൊലീസിനെ തടയുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ചിത്രം ഉള്‍പ്പെടെയാണ് ബി.ബി.സിയുടെ വാര്‍ത്ത.

ബി.ജെ.പിയുടേയും വലത് സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ വലിയ അക്രമങ്ങളാണ് നടന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

“”യുവതീ പ്രവേശനത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് കേരളം”” എന്ന തലക്കെട്ടിലാണ് ദ ഗാര്‍ഡിയന്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്,.

സ്ത്രീപ്രവേശത്തില്‍ കുപിതരായ വിശ്വാസികളുടെ പ്രതിഷേധം എന്ന രീതിയിലാണ് ഗാര്‍ഡിയന്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഹര്‍ത്താലില്‍ ബി.ജെ.പി- സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി യുവതീ പ്രവേശനത്തെ എതിര്‍ക്കുകയും കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ആഹ്വാനവും ഗാര്‍ഡിയന്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശബരിമല യുവതീപ്രവേശനം; കേരളത്തില്‍ പ്രതിഷേധം ശക്തം എന്ന തലക്കെട്ടിലാണ് അല്‍ ജസീറ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

തീവ്രവലതുശക്തികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരോധനം മറികടന്ന് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്നാണ് അല്‍ജസീറ വാര്‍ത്തയില്‍ പറയുന്നത്.

സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് നേരെ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നതെന്നും മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ആക്രമിച്ചെന്നും വാര്‍ത്തയില്‍ പറയുന്നു. സ്ത്രീ പുരുഷ സമത്വമെന്ന ആശയം മുന്‍നിര്‍ത്തി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന വനിതാ മതിലിനെ കുറിച്ചും വാര്‍ത്തയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കേരളം സ്തംഭിപ്പിച്ച് പ്രതിഷേധം എന്ന തലക്കെട്ടിലാണ് റോയിട്ടേഴ്‌സ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയത് വലിയ പ്രതിഷേധമാണെന്നും ഹര്‍ത്താല്‍ ഭീകരതയാണ് നടന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

കേരളത്തിലെ ഇടത് സര്‍ക്കാര്‍ യുവതീപ്രവേശനത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ബി.ജെ.പി കോണ്‍ഗ്രസ് നേതൃത്വമെന്നും റോയിട്ടേഴസ് വാര്‍ത്തയില്‍ പറയുന്നു.

അതേസമയം ദേശീയ മാധ്യമമായ എകണോമിക് ടൈംസ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധക്കാരുടെ ചിത്രം നല്‍കിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലിനിടെ നടന്ന അക്രമം പ്രധാന വാര്‍ത്തയായി ദി ടെലഗ്രാഫും നല്‍കിയിരുന്നു. പൊലീസിനെ കല്ലെറിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രത്തിന് “”കശ്മീരില്‍ പൊലീസിനെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലും; കേരളത്തിലെത്തിയാല്‍ അവരെ ഭക്തരെന്ന് വിളിക്കും”” എന്ന് തലക്കെട്ടാണ് ടെലഗ്രാഫ് നല്‍കിയത്.

പാലക്കാട് നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണ് ദി ടെലിഗ്രാഫിന്റെ സൂപ്പര്‍ ലീഡ് വാര്‍ത്തയായി നല്‍കിയികരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിയുന്നു എന്നാണ് കാപ്ഷന്‍ നല്‍കിയത്.

ആക്രമണത്തില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തുടങ്ങിയവ നശിപ്പിച്ചതായും ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ സി.പി.ഐ.എമ്മുകാര്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.